പാലാ: മീനച്ചിൽ താലൂക്ക് ആസ്ഥാനമായ പാലായിൽ ജീവനക്കാരായ വനിതകൾക്കായി സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യം ലഭ്യമാക്കുന്നതിലേക്കായി വർക്കിംഗ് വിമൺസ് ഹോസ്റ്റൽ ആരംഭിക്കണമെന്നും ഇതിനായി നിലവിലുള്ള ഹോസ്റ്റൽ തുറന്നു പ്രവർത്തിപ്പിക്കണമെന്നും കേരള എൻ.ജി.ഒ. ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാലാ നഗരസഭയിൽ നൂറു പേർക്ക് താമസ സൗകര്യം ലഭ്യമാക്കപ്പെടുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾകഴിഞ്ഞു. കന്യാസ്ത്രീകളുടെ ചുമതലയിൽ വർഷങ്ങളോളം വിജയകരമായി പ്രവർത്തിച്ചു വന്നിരുന്ന ഈ ഹോസ്റ്റൽ വനിതാ ജീവനക്കാർക്ക് വളരെ സഹായകരമായിരുന്നു.
മറ്റാവശ്യങ്ങൾക്കായി ഹോസ്റ്റൽ വിട്ടുകൊടുക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. നിരവധി പരീക്ഷാ പരിശീലന കേന്ദ്രങ്ങളും ഉന്നത പഠന കേന്ദ്രങ്ങളും പാലാ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ നഗരപ്രദേശത്ത് ചുരുങ്ങിയ വാടകയ്ക്ക് വീടുകൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്.
നിരവധി ജില്ലാതല ഓഫീസുകൾ ഉള്ള പാലാ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് എത്തുന്ന വനിതാ ജീവനക്കാർ സുരക്ഷിത താമസ സ്ഥലo തേടി അലയേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനടുത്ത് നഗരസഭയുടെ ഹോസ്റ്റൽ ഉണ്ടായിരുന്നതിനാൽ മറ്റ് ഏജൻസികളുടെ വനിതാ ഹോസ്റ്റലുകൾ ഈ മേഖലയിൽ ഉണ്ടായില്ല.
കുടുംബമായി താമസിക്കേണ്ട ജീവനക്കാർക്ക് വേണ്ടിയുള്ള ക്വാർട്ടേഴ്സ് സൗകര്യങ്ങളും ലഭ്യമല്ലായെന്ന് യോഗം ചൂണ്ടിക്കാട്ടി. ഫാമിലി ക്വാർട്ടേഴ്സ് സൗകര്യവും ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നഗരസഭാധികൃതർക്ക് നിവേദനം നൽകുവാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ആർ.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ഷിജു .വി.കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. സജി ചിറയത്ത്, ബോബി.കെ.ജോസഫ്, ബിൻസി ജോസഫ്, ജേക്കബ്, ബിനോ സ്കറിയാ എന്നിവർ പ്രസംഗിച്ചു.
വനിതാ ഹോസ്റ്റൽ ഏറ്റെടുക്കുവാൻ തയ്യാർ
പാലാ: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന പാലാ നഗരസഭയുടെ വനിതാ ഹോസ്റ്റൽ ആവശ്യമായ അറ്റകുറ്റപണികൾ നടത്തി ഏല്പിച്ചാൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടെ നടത്തുവാൻ തയ്യാറാണെന്ന് വനിതാ വികസന കോർപ്റേഷൻ ഭരണസമിതി അംഗം പെണ്ണമ്മ ജോസഫ് പറഞ്ഞു.
പാലാ നഗരപ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കായി എത്തുന്ന വനിതകൾക്ക് കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യo ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയായ നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് അവർ പറഞ്ഞു.
വനിതാ വികസന കോർപ്പറേഷൻ ഇപ്പോൾ നിരവധി പട്ടണങ്ങളിൽ ഹോസ്റ്റലുകൾ വിജയകരമായി പ്രവർത്തിപ്പിച്ചു വരുന്നുണ്ട്. കോർപ്പറേഷൻ റീജണൽ മാനേജരോടൊപ്പം
പാലാ നഗരസഭയുടെ അടഞ്ഞുകിടക്കുന്ന ഹോസ്റ്റലിൽ എത്തി മൂന്ന് തവണസംയുക്ത പരിശോധന നടത്തിയിരുന്നു.
അറ്റകുറ്റപണികൾ തീർത്ത് നൽകിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയെ അറിയിച്ചിരുന്നുവെന്നും പെണ്ണമ്മ ജോസഫ് പറഞ്ഞു. കോർപ്പറേഷൻ്റെ " വനിതാ മിത്ര " പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുക.
ഭക്ഷണ സൗകര്യത്തോടെയും ഇൻറർവ്യൂ ,മററ് യാത്രാ അവശ്യങ്ങളുമായി എത്തുന്നവർക്കുംചുരുങ്ങിയ സമയത്തേക്കും കൂടി താമസ സൗകര്യം ലഭ്യമാക്കും വിധവുമാണ് ക്രമീകരണം ഏർപ്പെടുത്തുക. ഈ കെട്ടിടത്തിൽ മറ്റു സ്ഥാപനങ്ങൾ ഉണ്ടാവാൻ പാടില്ല.
വാർഡൻ, കുക്ക്, സെക്യൂരിറ്റി ജീവനക്കാരെ കോർപ് റേഷൻ നിയമിക്കും.നഗരസഭയ്ക്ക് പി.ഡബ്ല്യു.ഡി നിശ്ചയിക്കുന്ന വാടകയും നൽകും. പാലായിൽ വനിത ഹോസ്റ്റൽ നടപ്പാക്കുന്നതിലേക്ക് വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസകുട്ടിയും മാനേജിംഗ് ഡയറക്ടർ വി.സി.ബിന്ദുവും സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്.
സ്ഥലസൗകര്യം ലഭ്യമാക്കിയാൽ മററ് പട്ടണങ്ങളിലും വനിതാ മിത്ര ഹോസ്റ്റലുകൾ സ്ഥാപിക്കുവാൻ താത്പര്യമുണ്ടന്ന് പെണ്ണമ്മ ജോസഫ് അറിയിച്ചു.