കോട്ടയം: വ്യാഴാഴ്ച രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം 38.7 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ അനുഭവപ്പെട്ട ചൂട്. ഉച്ചയ്ക്ക് 1.30ന് ആണ് ഈ താപനില രേഖപ്പെടുത്തിയത്.
അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 39 ഡിഗ്രിക്കു മുകളിലാണ് ജില്ലയിൽ താപനില രേഖപ്പെടുത്തിയത്. ജില്ലയിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് വടവാതൂരാണ്– 39.4 ഡിഗ്രി.
വേനൽമഴ ഈ മാസം പകുതിയോടെ
കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഈ മാസം പകുതിയോടെ വേനൽമഴ ലഭിക്കുമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥ വിദഗ്ധൻ രാജീവ് എരികുളം പറയുന്നു. എന്നാൽ മഴ പെയ്യുന്നതോടെ ഹ്യുമിഡിറ്റി ഉയർന്ന് ചൂട് കൂടുമെന്നും അദ്ദേഹം പറഞ്ഞു.