തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കെ–സ്വിഫ്റ്റ് വന്നതുപോലെ കെഎസ്ഇബിയിലും കരാർ നിയമനത്തിന് കമ്പനി വരുന്നു. കെ–പിസ്ക് (K-PISC) എന്നാണ് കമ്പനിയുടെ പേര്. കേരള പവര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് സര്‍വീസ് കമ്പനി എന്നാണ് മുഴുവന്‍ പേര്. പ്രസരണ മേഖലയില്‍ കരാര്‍ നിയമനത്തിനാണ് ഈ കമ്പനി രൂപീകരിക്കുന്നത്.
വൈദ്യുതി പ്രസരണ മേഖലയില്‍ ഇപ്പോള്‍ തന്നെ കരാര്‍ അടിസ്ഥാനത്തില്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നുണ്ട്. അതത് സബ്സറ്റേഷനിലെ ചീഫ് എന്‍ജിനീയര്‍മാരോ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരോ ആണ് ആവശ്യാനുസരണം താല്‍ക്കാലിക ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നത്.
ഇതിന് ഒരുഏകീകൃത സ്വഭാവമുണ്ടാക്കാനാണ് കേരള പവര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് സര്‍വീസ് കമ്പനി അഥവാ കെ–പിസ്ക് രൂപീകരിക്കുന്നത്. 33 കെവി, 66 കെവി,110 കെവി സബ്സ്റ്റേഷനിലെ ഓപ്പറേറ്റര്‍മാരുടെ നിയമനച്ചുമതലയായിരിക്കും ഈ കമ്പനിക്ക്.
വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പുനഃസംഘടനയ്ക്കായി 2019 ല്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് പുതിയ കമ്പനി ഉണ്ടാക്കാന്‍ നീക്കം. കമ്പനിയുടെ ഘനട സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
എന്നാല്‍ കെ–പിസ്ക് വന്നാല്‍ സബ് സ്റ്റേഷനിലെ എന്‍ജിനീയര്‍മാര്‍ ഒഴികെ താഴെത്തട്ടിലുള്ള ജീവനക്കാര്‍ മുഴുവന്‍ കരാർ തൊഴിലാളികളായി മാറും. അതിനാല്‍ ഗുണമേന്മയുള്ള സേവനം,സുരക്ഷ എന്നിവ എത്രത്തോളം ഉറപ്പാക്കാനാകുമെന്ന ആശങ്ക ഉയരുന്നു. വൈദ്യുതി പ്രസരണ–വിതരണ മേഖല ഭാവിയില്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.