ശരീരബലം കൂട്ടാനും, ആരോഗ്യം സംരക്ഷിക്കാനും, ഉണർവും ഉൻമേഷവും കിട്ടാനും സ്വാദിഷ്ടമായ ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധരണ കർക്കടക മാസത്തിന്റെ ആദ്യത്തെ 7 ദിവസമോ അല്ലെങ്കിൽ അവസാനത്തെ 7 ദിവസമോ ആണ് കഴിക്കാറ്. ഉലുവ കഞ്ഞി പ്രഷർ കുറയ്ക്കാനും രോഗങ്ങൾ വരാതിരിക്കാനും നമ്മളെ സഹായിക്കുന്നു വളരെ കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ തയറാക്കുന്നു എന്ന് നോക്കാം...
ആവശ്യമായ ചേരുവകൾ:
•ഉലുവ - 1/4 കപ്പ്
•ഞവര അരി - 1 കപ്പ്
•ഒന്നാം പാൽ - 1/2 കപ്പ്(ഒരു കപ്പ് തേങ്ങ ചിരവിയതിൽ നിന്ന് )
•രണ്ടാം പാൽ - 3/4 കപ്പ്
•ജീരകം - 1 ടീസ്പൂൺ
•ചെറിയ ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
•നെയ്യ് - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
•കാൽ കപ്പ് ഉലുവ നന്നായി കഴുകിയതിനുശേഷം ഏഴുമണിക്കൂറെങ്കിലും വെള്ളത്തിലിട്ടു വയ്ക്കാം, ശേഷം ഒരു കുക്കറിൽ ഇത് വെള്ളത്തോടെ ഒഴിച്ച് ഒരു വിസിൽ വരുന്നവരെ വേവിക്കുക.
•ഞവര അരി നന്നായി കഴുകിയതിനുശേഷം സ്റ്റീം പോയ കുക്കറിലേക്ക് വേവിച്ച ഉലുവയുടെ കൂടെ ഇട്ടു കൊടുക്കാം. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം കൂടെ ഒഴിച്ച് രണ്ട് വിസിൽ വരുന്ന വരെ വേവിക്കുക.
•ഒരു കപ്പ് തേങ്ങ ചിരവിയതിൽ നിന്നും 1/2 കപ്പ് ഒന്നാം പാലും, മുക്കാൽ കപ്പ് രണ്ടാം പാലും എടുക്കാം. കുക്കറിന്റെ വിസിൽ പോയതിനു ശേഷം രണ്ടാം പാൽ ഒഴിച്ച് എല്ലാം കൂടെ തിളപ്പിക്കാം ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചതച്ചതും ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം.
•ശേഷം ഒന്നാം പാൽ ഒഴിച്ചുകൊടുക്കാം. മറ്റൊരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കാൽ കപ്പ് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി ബ്രൗൺ കളർ ആകുന്ന രീതിയിൽ വഴറ്റിയെടുക്കുക. ഇത് നേരത്തെ തയ്യാറാക്കിയ ഉലുവ കഞ്ഞിയിലേക്ക് ഇട്ട് എല്ലാം കൂടെ ഇളക്കിയതിനു ശേഷം ചൂടോടെ വിളമ്പാം.