ആലപ്പുഴ: എടത്വ തായങ്കരിയില്‍ ശനിയാഴ്ച (ഇന്ന്) പുലര്‍ച്ചെ കാർ കത്തി മരിച്ചത് വാഹനത്തിന്റെ ഉടമ തന്നെയെന്ന് തിരിച്ചറിഞ്ഞു. എടത്വ മാമ്മൂട്ടില്‍ ജെയിംസ് കുട്ടി ജോര്‍ജ് (49) ആണ് മരിച്ചത്. മൃതദേഹം ഏതാണ്ട് പൂര്‍ണമായി കത്തിയ നിലയിലായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 3.45-ന് തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാലേകാലോടെ തീ പൂര്‍ണ്ണമായും അണയ്ക്കുകയായിരുന്നു. ഇതിനുശേഷമാണ് കാറിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഫൊറന്‍സിക് ഉദ്യോഗസ്ഥരുടേയും പൊലീസിന്റെയും അന്വേഷണത്തില്‍ മൃതദേഹം ജെയിംസ് കുട്ടിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഇയാള്‍ രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. പൂര്‍ണ്ണമായും കത്തിയ കാറിനൊപ്പം ആധാരമടക്കമുള്ള രേഖകളും സ്വര്‍ണ്ണവും പണവും നശിപ്പിച്ചതായും സംശയമുണ്ട്.