കോട്ടയം: ഓട്ടോമോട്ടീവ് എൻജിനീയർമാരുടെ ആഗോള സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനീയേഴ്‌സും (SAE) സെന്റ്‌ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗവും സംയുക്തമായി സെപ്റ്റംബർ 20, 21 തീയതികളിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ BAJA SAEINDIA ഫിസിക്കൽ ഡിസൈൻ വർക്‌ഷോപ്പിന് ഉജ്വല സമാപനം. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) കേരളാ സ്റ്റേറ്റ് ഹെഡ് ശ്രീ. ഹരി കിഷൻ വി.ആർ ശില്പശാല ഉദ്ഘാടനം ചെയ്തു.

BAJA SAEINDIA ചെയർമാൻ ബൽരാജ് സുബ്രഹ്മണ്യം, ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇൻഡ്യാ (ARAI) മുൻ ഡെപ്യൂട്ടി ഡയറക്ടറും NAMTECH ഓട്ടോമോട്ടീവ് സ്‌കൂൾ ഡയറക്ടറുമായ ഡോ. കെ സി വോറ, BAJA ചീഫ് ജഡ്ജും ഫോഴ്‌സ് മോട്ടോഴ്‌സിന്റെ മുൻ മാനേജിംഗ് ഡയറക്ടറുമായ ഡോ. വിനയ് മുണ്ടട, മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കാർ ഡിസൈനർമാരായ പിനിൻഫരിനയുടെ കണക്റ്റഡ് കോക്‌പിറ്റ് ഹെഡ് നിതീഷ് സുന്ദരേശൻ തുടങ്ങിയവർ വാഹനനിർമാണവുമായി ബന്ധപ്പെട്ട വിവിധ ക്‌ളാസുകൾക്ക് നേതൃത്വം നൽകി. സെന്റ്‌ഗിറ്റ്സ് അസോസിയേറ്റ് ഡയറക്ടർ ഡോ. റീബു സക്കറിയാ കോശി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഡോ. ചെറിയാൻ പോൾ എന്നിവരും ഉദ്‌ഘാടന ചടങ്ങിൽ സംസാരിച്ചു.
കേരളത്തിന് പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ കോളേജുകളിൽ നിന്ന് മുന്നൂറിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തുവെന്നും കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ശില്പശാല നടക്കുന്നതെന്നും പ്രോഗ്രാം കോഡിനേറ്റർമാരായ അസി. പ്രൊഫ. ബിബിൻ വർക്കി, അസി. പ്രൊഫ. അരുൺ കെ വർഗീസ് എന്നിവർ അറിയിച്ചു.
സെന്റ്‌ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ 2013 മുതൽ BAJA മത്സരത്തിൽ പങ്കെടുക്കുകയും നിരവധി തവണ ദേശീയതലത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുമുണ്ട്. സെന്റ്‌ഗിറ്റ്സ് കോളേജിലെ വിദ്യാർഥികൾ രൂപകൽപന ചെയ്‌ത വിവിധ തരത്തിലുള്ള വാഹനങ്ങളും വർക്ഷോപ്പിൽ പ്രദർശിപ്പിച്ചു.