തലനാട്: പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്ക കല്ലിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ സഞ്ചാരികളെ വലയ്ക്കുന്നു. അവധി ദിവസങ്ങളിൽ കുറഞ്ഞത് 5000-ൽ പരം സഞ്ചാരികളാണ് മീനച്ചിലിൻ്റെ എവറസ്റ്റായ ഇല്ലിക്ക കല്ലിലെത്തുന്നത്. ആയിരത്തിൽപരം വാഹനങ്ങളും ഇവിടെ എത്തുന്നു.

എന്നാൽ കെ.എം.മാണി മന്ത്രിയായിരുന്നപ്പോൾ ഏർപ്പെടുത്തിയ പരിമിതമായ സൗകര്യങ്ങളേ ഇപ്പോഴും അവിടെ ഉള്ളൂ. പാലാ നിയോജക മണ്ഡലത്തിലേയ്ക്ക് തലനാട് പഞ്ചായത്ത് കൂട്ടി ചേർത്തതിനെ തുടർന്നാണ് പാലാ എം.എൽ.എ കൂടിയായ ധനകാര്യ മന്ത്രി കെ.എം.മാണി നൽകിയ 16 കോടി രൂപ വിനിയോഗിച്ച് പാലാ ഗ്രീൻ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ഇല്ലിക്കൽ കല്ലിലേയ്ക്ക് ആദ്യമായി വാഹനഗതാഗതം സാക്ഷ്യമായ ടാർ റോഡ് മല തുരന്ന് നിർമ്മിച്ചത്.
ജോസ്.കെ.മാണി എം.പി ആയിരുന്നപ്പോൾ കേന്ദ്ര പദ്ധതിയിൽ മറ്റൊരു റോഡു കൂടി നിർമ്മിച്ചതിനെ തുടർന്നാണ് സഞ്ചാരികളുടെ വിദൂരങ്ങളിൽ നിന്നുള്ള ഒഴുക്ക് ആരംഭിച്ചത്. സഞ്ചാരികളുടെ ക്രമാധീതമായ വർദ്ധനവിനനുസരിച്ച് പ്രാഥമിക സൗകര്യങ്ങൾ വിപുലീകരിച്ചിട്ടില്ല.
ഇല്ലിക്കൽ കല്ല് മേഖല സഞ്ചാരീ സൗഹൃദമാക്കുന്നതിന് ആവശ്യമായ പാർക്കിംഗ് സൗകര്യം, മൊബൈൽ കവറേജിനായി ടവർ, ശുചിമുറി സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യുതി, തെരുവുവിളക്കുകൾ, ഇടിമിന്നൽ രക്ഷാചാലകം, വിശ്രമ ഇരിപ്പിട സൗകര്യങ്ങൾ, ഉല്ലാസറൈഡുകൾ എന്നിവ ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചോനമലയിൽ ജോണി ആലാനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കേരള കോൺഗ്രസ് (എം) യോഗം ടൂറിസം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
പാലാ ഗ്രീൻ ടൂറിസം പദ്ധതിയിൽ വിഭാവനം ചെയ്തവ നടപ്പാക്കുന്നതിനായി ഇതു സംബന്ധിച്ച നിവേദനം ജോസ്.കെ.മാണി എം.പിയ്ക്കും, എൽ.ഡി.എഫ് ജില്ലാ കൺവീനർക്കും നൽകി. യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ടോബിൻ കെ.അലക്സ്, സണ്ണി വടക്കേമുളഞ്ഞിനാൽ, സലിം യാക്കിരി, വിക്രമൻ മുല്ലമല എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു.