പാലാ: ഇംഗ്ളണ്ടില്‍ തുടങ്ങി ഇന്ന് ലോകമെമ്പാടും വന്‍ പ്രചാരം നേടിയ പാർക് റൺ (parkrun) മാതൃകയില്‍ പാലായില്‍ റൺ പാലാ റൺ കൂട്ട ഓട്ടം നടത്തുന്നു. പരമ്പരയിലെ ആദ്യ റൺ പാലാ റൺ മത്സരം നാലാം തിയതി ശനിയാഴ്ച രാവിലെ 6.30ന് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എം. എൽ. എ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്യും. 3 കിലോമീറ്റർ, 6 കിലോമീറ്റർ വിഭാഗങ്ങളിൽ ആണ് മത്സരം (ഓട്ടം/ നടത്തം) നടത്തുന്നത്.

എല്ലാ ഒന്നാം ശനിയാഴ്ചയും രാവിലെ 6.30 മുതൽ 7.30 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ, പാലാ മാരത്തണ് നേതൃത്വം കൊടുക്കുന്ന സെന്റ് തോമസ് കോളേജ് പാലാ, എഞ്ചിനീയർസ് ഫോറം പാലാ, ലയൻസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318ബി എന്നിവർ ചേർന്ന് നടത്തുന്ന ഈ പ്രോഗ്രാം ആരോഗ്യമുള്ള പാലാ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നു.
പാർക്റൺ എന്നത് ലോകമെമ്പാടുമുള്ള പൊതുപാർക്കുകളിലും തുറസ്സായ സ്ഥലങ്ങളിലും ഓരോ ആഴ്ചയും നടക്കുന്ന, സൗജന്യവും സമൂഹം നേതൃത്വം വഹിക്കുന്നതുമായ ഓട്ട–നടത്ത പരിപാടിയാണ്. ഇത് ആദ്യം 2004-ൽ ലണ്ടനിലെ ബുഷി പാർക്കിൽ വെറും 13 ഓട്ടക്കാരുമായി ആരംഭിച്ചു. ചെറിയൊരു ആശയം പിന്നീട് ആഗോള ആരോഗ്യ പ്രസ്ഥാനമായി വളർന്നു.
ഇന്ന്, പാർക്ക് റൺ 20-ത്തിലധികം രാജ്യങ്ങളിൽ, 90 ലക്ഷത്തിലധികം പേരെ രജിസ്റ്റർ ചെയ്ത പങ്കാളികളാക്കി, ആയിരക്കണക്കിന് പരിപാടികൾ ഓരോ ശനിയാഴ്ചയും രാവിലെ നടത്തുന്നു. പങ്കെടുക്കുന്നവർക്ക് നടക്കാം, ഓടാം, ജോഗ് ചെയ്യാം, അല്ലെങ്കിൽ സ്വയംസേവകരായി പ്രവർത്തിക്കാം. പ്രവേശന ഫീസ് ഇല്ല, പ്രായപരിധി ഇല്ല, മത്സര സമ്മർദ്ദമില്ല. ലക്ഷ്യം വ്യക്തിപരമായ പുരോഗതിയും ആരോഗ്യവും ആസ്വദിക്കലുമാണ്.
ഫലങ്ങൾ കൃത്യമായി വെബ്സൈറ്റില്‍ രേഖപ്പെടുത്തപ്പെടുന്നു, അതിനാൽ സ്വന്തം ലോഗിന്‍ വഴി വ്യക്തികള്‍ ക്ക് പുരോഗതി ട്രാക്ക് ചെയ്യാം. പഠനങ്ങൾ കാണിക്കുന്നത്, പാർക്റൺ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും, സാമൂഹിക ബന്ധങ്ങളും, സമൂഹത്തിലെ ഏകീകരണവും ശക്തിപ്പെടുത്തുന്നുവെന്നാണ്.
3 കി. മി, 6 കി. മി എന്ന രീതിയില്‍ ആണ് സമയം രേഖപ്പെടുത്തുന്നത്. ഓരോ വ്യക്തിക്കും സ്വന്തം ലോഗിൻ വഴി സ്വന്തം ടൈം ഡാറ്റാ (പഴയതും പുതിയതും) കാണുവാനും അത് വഴി സ്വയം പ്രകടനം മെച്ചപ്പെടുത്തുവാനുമുള്ള അവസരമാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് മത്സരശേഷം ലഘുഭക്ഷണവും സംഘടകർ ഒരുക്കുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ചെറി മേനാംപറമ്പിൽ 98465 66483, മാഗ്ഗി മേനാംപറമ്പിൽ 99613 11006, ജിൻസ് കാപ്പൻ 9447712616