Hot Posts

6/recent/ticker-posts

കോവിഡ്-19: സംസ്ഥാനത്ത് 88 ഹോട്ട്‌ സ്‌പോട്ടുകൾ! ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരും


തിരുവന്തപുരം: ഹോട്ട്‌സ്‌പൊട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേരളത്തിൽ 88 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഹോട്ട്‌സ്‌പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും. ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളിൽ 24 മുതലും ഓറഞ്ച് ബി ജില്ലകളിൽ 20 മുതലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളിൽ ലോക്ക്ഡൗൺ കർശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് കടക്കാൻ സംസ്ഥാനത്തെ ഒരു അതിർത്തിയിലും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാൽ നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഗർഭിണികൾ, ചികിത്‌സയ്ക്കായെത്തുന്നവർ, ബന്ധുക്കളുടെ മരണ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കും.

മെഡിക്കൽ എമർജൻസി കേസുകൾക്ക് അന്തർജില്ലാ യാത്രാനുമതിയും നൽകും. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയൽ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയിൽ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം. ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ഡ്യൂട്ടിയിലില്ലാത്തവർ ഈ ആനുകൂല്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.

അടിയന്തരസേവന വിഭാഗങ്ങൾ,  ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്‌സുമാർ,  മറ്റ് ആരോഗ്യ പ്രവർത്തകർ,  ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സർക്കാർ ഓഫീസുകളിൽ ക്‌ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തണം. ക്‌ളാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേർ ഹാജരാകണം.

നേരത്തെയുള്ള ഉത്തരവനുസരിച്ചു മാത്രമേ കടകൾക്ക് പ്രവർത്തിക്കാനാവൂ. ഗ്രീൻ കാറ്റഗറിയിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവർത്തിക്കാൻ അനുവദിക്കില്ല.

കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങളുടെ ഉത്തരവിൽ 13.3 ഖണ്ഡിക ഭേദഗതി വരുത്തി.  ഈ കാലയളവിൽ ഒരു ജില്ലയിലും ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളിൽ ഭാഗികമായി പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാൻ അനുമതി നൽകും.

ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് പ്രഭാത നടത്തം/ സായാഹ്‌ന നടത്തം അനുവദിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാൽ വീടിനടുത്ത് തന്നെയായിരിക്കണം നടക്കുന്നത്. സംഘം ചേർന്ന് നടക്കാൻ അനുവദിക്കില്ല. ഹോട്ട്‌സ്‌പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക്ഡൗൺ കാലത്തേതുപോലെയായിരിക്കും. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകൾ നിർബന്ധമായി ധരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശപ്രകാരം ടാക്‌സി, ഓട്ടോ സർവീസുകൾ അനുവദിക്കില്ല.



Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം