Hot Posts

6/recent/ticker-posts

"ഞാൻ ഇങ്ങനെയാണ്, കുട്ടിക്കളി മാറാത്ത ടീച്ചറെന്നാണ് സ്കൂളിലെ പരാതി" - സായിശ്വേത



കോഴിക്കോട് : ഒരു കഥ അഭിനയിച്ചു പറഞ്ഞപ്പോൾ കേരളക്കരയുടെ മനസിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ യുവ അദ്ധ്യാപിക. പുതിയ അധ്യയന വർഷത്തേക്ക് ഫസ്റ്റ്ബെൽ അടിച്ചപ്പോൾ മിട്ടുപൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥ പറഞ്ഞ സായിശ്വേതയെന്ന അധ്യാപിക ഓൺലൈൻ ക്ലാസ്സിന്റെ മുഖമായി മാറിയിരിക്കുകയാണ്.

ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് കോഴിക്കോട് വടകര സ്വദേശിയായ സായിശ്വേത വിക്ടേഴ്‌സ് ചാനലിൽ എത്തിയത്. അധ്യാപികയുടെ കഥ പറച്ചിൽ ഓൺലൈനിൽ തരംഗമായി.

"ഞാൻ എന്താണോ അതാണ് ഓൺലൈൻ ക്ലാസ്സിൽ കണ്ടത്. ക്ലാസ്സിൽ ഇതേപോലെയാണ് പെരുമാറുന്നത്. ആ പരിചയം ഉള്ളത് കൊണ്ടാണ് ഇങ്ങനെ ലളിതമായി ചെയ്യാൻ കഴിഞ്ഞത്. കുട്ടിക്കളി മാറാത്ത ടീച്ചർ എന്നാണ് സ്കൂളിൽ പൊതുവെയുള്ള പരാതി. എന്നാൽ ഇന്നത്തെ ക്ലാസ് കണ്ടതോടെ കുറച്ചുകൂടി പക്വതയുള്ള ആളായെന്ന് തോന്നിയതായും അത് വേണ്ടായിരുന്നുവെന്നുമാണ് പലരും പറഞ്ഞത്", ചിരിച്ച് കൊണ്ട് സായിശ്വേത പറഞ്ഞു.

വടകര മുതുവടത്തൂർ VVLP സ്കൂൾ അധ്യാപികയായ സായിശ്വേത 'അധ്യാപകക്കൂട്ടം' വാട്സാപ്പ് ഗ്രൂപ്പിൽ സജീവമാണ്. അധ്യാപകക്കൂട്ടം ബ്ലോഗ് അഡ്മിൻ കൂടിയാണ്. ഇത് വഴിയാണ് സായിശ്വേതക്ക് ക്ലാസ് എടുക്കാനുള്ള അവസരം ലഭിച്ചത്.



അധ്യാപകക്കൂട്ടം ബ്ലോഗ് അഡ്മിൻ പത്തനംതിട്ട സ്വദേശിയായ രതീഷിന് ഒരു കഥ പറഞ്ഞ് വീഡിയോ അയച്ചുകൊടുത്തിരുന്നു. അത് അദ്ദേഹം ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. ധാരാളം നല്ല അഭിപ്രായങ്ങൾ വന്നു. അപ്രതീക്ഷിതമായി SCERT യുടെ ക്ഷണം ലഭിച്ചപ്പോൾ അധ്യാപകക്കൂട്ടത്തിൽ പ്രസിദ്ധീകരിച്ച കഥ ഒന്നുകൂടി മനോഹരമാക്കി രണ്ട് ദിവസത്തെ ക്ലാസ് ആക്കി മാറ്റുകയായിരുന്നു.

മൂന്ന് ദിവസം മുൻപാണ് മുതുവടത്തൂർ സ്കൂളിൽ വെച്ച് ക്ലാസ് ഷൂട്ട് ചെയ്തത്. "അധ്യാപന ജീവിതത്തിനിടയിൽ ഇങ്ങനെയൊരു ഓൺലൈൻ ക്ലാസ് പ്രതീക്ഷിച്ചതെ അല്ല. ക്ലാസ് കേരളം ഏറ്റെടുത്തുവെന്നതിൽ അഭിമാനം. ക്ലാസ് കണ്ട് അധ്യാപകരും അല്ലാത്തവരുമായി ഒരുപാട് പേർ വിളിച്ചു. പലരും വീഡിയോ തേടിപിടിച്ച് കണ്ടു. അതാണ് ഏറ്റവും വലിയ സന്തോഷം" അധ്യാപിക പറയുന്നു.

മുതുവടത്തൂർ സ്കൂളിൽ കഴിഞ്ഞ വർഷം രണ്ടാം ക്ലാസ്സിലാണ് സായിശ്വേത പഠിപ്പിച്ചിരുന്നത്. ഈ വർഷം മുതൽ ഒന്നാം ക്ലാസ്സിലാണ് പഠിപ്പിക്കുന്നത്. സ്കൂളിലെ തന്നെ മറ്റൊരു അധ്യാപികയായ അഞ്ജു കിരൺ ആണ് സായിശ്വേതക്ക് ഒപ്പം ക്ലാസ്സിൽ കവിത ചൊല്ലിയത്.



പതിവിലും വിപരീതമായി അധ്യാപകർ സ്ക്രീനിലൂടെ വിദ്യാർഥികൾക്കിടയിലേക്ക് എത്തിയപ്പോൾ അതൊരു പുത്തൻ അനുഭവം ആയി മാറി. സ്കൂളിലേക്ക് സുഹൃത്തുക്കളുമായി കൂട്ടം കൂടി പോവാൻ സാധിക്കാത്ത വിഷമം വിദ്യാർഥികൾക്കുണ്ടെങ്കിലും ആദ്യമായി ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്ത ആകാംക്ഷയും അവരിൽ ഉണ്ടായിരുന്നു.

വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ് വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതായി കേരള ഇൻഫാസ്‌ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) CEO അൻവർ സാദത്ത് പറഞ്ഞു. 10 ദിവസത്തിനുള്ളിലാണ് കൈറ്റ് ഓൺലൈൻ ക്ലാസ്സിനായി ഒരുങ്ങിയത്. കോവിഡ് കാരണം യാത്രബുദ്ധിമുട്ട് ഉള്ളതിനാൽ അധ്യാപകരെ കൊണ്ടുവരാൻ പ്രയാസം നേരിട്ടു. ഇത് കാരണം തിരുവനന്തപുരം ജില്ലയിലെ അധ്യാപകരെ ആണ് ഓൺലൈൻ ക്ലാസ്സിനായി തിരഞ്ഞെടുത്തത്. രണ്ട് ക്ലാസ്സുകൾക്കായി ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ അധ്യാപകരെയും തിരഞ്ഞെടുത്തു. അതാത് ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് ക്ലാസ് എടുക്കുന്നതെന്നും അൻവർ സാദത്ത് പറഞ്ഞു.

ക്ലാസ്സുകൾ ആരംഭിക്കും മുൻപുണ്ടായിരുന്ന ടെൻഷനെല്ലാം ഇപ്പോൾ ഇല്ലാതായെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പറഞ്ഞു. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയവും ഓൺലൈൻ പഠനം തന്നെയാണ്.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്