കൊച്ചി: ക്വാറികളും ജനവാസ മേഖലയും തമ്മിലുള്ള ദൂരപരിധി 200 മീറ്റർ വേണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ക്വാറി ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധി.
പരിസ്ഥിതി വകുപ്പിൻറെ അഭിപ്രായം കേട്ടുമാത്രമാണ് ഹരിത ട്രിബ്യൂണൽ തീരുമാനം സ്വീകരിച്ചതെന്ന് ഹർജിയിൽ ക്വാറി ഉടമകൾ ആരോപിച്ചിരുന്നു. എല്ലാ കക്ഷികളേയും കേൾക്കാതെയാണ് ട്രിബ്യൂണൽ ഉത്തരവിട്ടതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ക്വാറിയും ജനവാസ മേഖലയും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി ആണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി ഹരിത ട്രിബ്യൂണൽ നിശ്ചയിച്ചത്.