Hot Posts

6/recent/ticker-posts

കേരളത്തെ അപ്പാടെ വികസിപ്പിച്ച് കളയുന്ന കെ-റെയിൽ പദ്ധതിയെ ഇങ്ങനെ എതിർക്കുന്നത് ശരിയാണോ?

അഡ്വ ഷോൺ ജോർജ് 

കേരളത്തിൽ എന്തു പദ്ധതി കൊണ്ടുവന്നാലും അതിനെയെല്ലാം എതിർക്കുന്നതാണ് ചിലരുടെ പരിപാടി എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് കേട്ടു. ട്രാക്ടർ വന്നപ്പോഴും,ജെസിബി വന്നപ്പോഴും, കമ്പ്യൂട്ടർ വന്നപ്പോഴും, കൊച്ചി എയർപോർട്ട് വന്നപ്പോഴും, സ്വാശ്രയ കോളേജ് വന്നപ്പോഴും, സ്മാർട്ട് സിറ്റി വന്നപ്പോഴും, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി വന്നപ്പോഴും,ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് വായ്പ എടുത്തപ്പോഴും അതാത് സമയത്തെ സർക്കാരുകൾക്ക് അങ്ങ് നൽകിയ നിർലോഭമായ പിന്തുണ ഓർത്ത് ഞാൻ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി.

 ഇനി കെ-റെയിലിന്റെ കാര്യത്തിലേക്ക് കടക്കാം...



കേരളത്തിൽ സ്റ്റേറ്റ് ഹൈവേ 4500 കിലോ മീറ്ററും,ഡിസ്ട്രിക്ട് റോഡുകൾ 27,500 കിലോ മീറ്ററും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആകെ റോഡ് 32,000 കിലോ മീറ്ററാണ്. ഈ റോഡുകളുടെ കുഴിയടയ്ക്കാൻ പോലും കഴിയാത്ത സർക്കാരാണ് 65,000 കോടി രൂപയ്ക്ക് കെ-റെയിൽ നിർമ്മിക്കുന്നത്.ഈ റോഡുകൾ മുഴുവൻ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന് ഇതിന്റെ മൂന്നിലൊന്ന് തുക മതി സാർ. കേരളത്തിലെ ഭവന രഹിതരായ മുഴുവൻ പേർക്കും വീട് നിർമ്മിച്ചു നൽകാൻ ഇതിന്റെ നാലിലൊന്ന് തുക മതി സാർ. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ജലജീവൻ മിഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാരിൽ നിന്നും പദ്ധതി ചെലവിന്റെ 60 ശതമാനം നൽകുമ്പോൾ സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 15 ശതമാനം വീതവും ഉപഭോക്താവ് 10 ശതമാനം വിഹിതവും കൊടുക്കണം. ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 15 ശതമാനം തുക നൽകാനില്ലാതെ കേന്ദ്ര സർക്കാരിന്റെ ഈ ബൃഹത് പദ്ധതി ഉപേക്ഷിക്കുന്നു. ഈ തുക സംസ്ഥാന സർക്കാർ കെട്ടിവച്ച് കേരളത്തിലെ മുഴുവൻ കുടുംബങ്ങളിലും വെള്ളം എത്തിക്കുന്നതിന് കെ-റെയിൽ പദ്ധതിയുടെ  പത്തിലൊന്ന് തുക മാത്രം മതി സാർ. 


കേരളത്തിലെ ഓരോ പൗരനും ഇപ്പോൾതന്നെ 1.5 ലക്ഷം രൂപ കടക്കാരനാണ്. സംസ്ഥാന സർക്കാരിന്റെ കടം നാല് ലക്ഷം  കോടിയിലേക്ക് അടുക്കുന്നു. ശമ്പളവും പെൻഷനും കൊടുക്കുവാൻ ഈ മാസവും കടപ്പത്രം ഇറക്കിയ സർക്കാരേ ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ ആവശ്യം കെ-റെയിലല്ലെന്ന് മനസ്സിലാക്കുക.

 മുട്ടിന് മുട്ടിന് വിവിധ വിഷയങ്ങളിൽ പണിമുടക്കുകൾ ആഹ്വാനം ചെയ്യുന്ന സഖാവേ ഈ പണിമുടക്കല്ലാതെ ഈ നാട്ടിലെ ഏതെങ്കിലും ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനുള്ള പദ്ധതി അങ്ങയുടെ പക്കലുണ്ടോ... കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ദേശീയപാത നാലു വരി ആക്കാൻ  സ്ഥലമേറ്റെടുപ്പ്  നടപടികൾ പൂർത്തീകരിക്കാൻ കഴിയാത്ത സർക്കാർ 3,419 ഏക്കർ സ്ഥലം ഏറ്റെടുത്ത് മൂന്നു വർഷം കൊണ്ട് ഈ പദ്ധതി നടപ്പിലാക്കും എന്ന് പറയുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയില്ല. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽവേ ലൈൻ  ഡബ്ലിങിന് സ്ഥലം ഏറ്റെടുത്ത് പണി പൂർത്തീകരിക്കാൻ കഴിഞ്ഞ 20 വർഷം കൊണ്ട് സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല.

     കോഴിക്കോടും, തിരുവനന്തപുരത്തും ലൈറ്റ് മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഏഴ് വർഷത്തിനിടയിൽ ഒരു ചെറുവിരൽ പോലും അനക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. മലബാറിൽ നിന്നും ബാംഗ്ലൂരിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയ്ക്ക് കർണാടക സർക്കാർ അനുമതി  നൽകിയിട്ടും നാളിതുവരെയായി  ഇതിന് അനുമതി നൽകാത്ത സംസ്ഥാന സർക്കാരാണ് മലബാറുകാരുടെ യാത്രാ ക്ലേശത്തെക്കുറിച്ച്  വ്യാകുലപ്പെടുന്നത്.

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ (എഡിബി) നിന്നും വായ്പ എടുക്കുന്നതിന്റെ പേരിൽ കേരളത്തിന്റെ തെരുവുകളെ പോർക്കളമാക്കി മാറ്റിയ സമരങ്ങൾ സംഘടിപ്പിച്ച അങ്ങ്  കെ-റെയിലിനായി വായ്പ എടുക്കുന്ന ബാങ്ക് ആ ഗണത്തിൽപ്പെടുന്നത് അല്ലേയെന്ന്  ബഹുമാനപ്പെട്ട മുഖ്യമന്ത്രി വ്യക്തമാക്കണം. നെൽവയൽ നികത്തി കൊച്ചി എയർപോർട്ട് നിർമ്മിക്കുന്നതിന് എതിരെ സമരം നയിച്ച പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി കെ-റെയിൽ കടന്നുപോകുന്ന 140 കിലോമീറ്റർ വയലിലൂടെയും നീർത്തടങ്ങൾ നികത്തിയും അല്ലേ .. ഇതിന്  അങ്ങേയ്ക്ക്  മറുപടി ഉണ്ടോ..

 ഇനി കെ-റെയിലിന്റെ സാങ്കേതിക വശം വായിച്ചു കേട്ട അറിവ് വെച്ച് വിശദീകരിക്കാം...

 1. നിലവിലുള്ള പദ്ധതി  രേഖ പ്രകാരം ഈ റെയിൽപ്പാത കേരളത്തെ രണ്ടായി വിഭജിക്കും

 2.ഇരുപതിനായിരത്തിലധികം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടും 

 3.ഇപ്പോൾ പദ്ധതിയുടെ ചിലവ് 65,000 കോടി രൂപ എന്ന് പറയുന്നുണ്ടെങ്കിലും ഈ മേഖലയിലെ വിദഗ്ധർ പറയുന്നത് പദ്ധതി പൂർത്തിയാകുമ്പോൾ 1,10,000 കോടി രൂപയിലധികം ചിലവ് വരുമെന്നാണ്. ഇത് സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതി താങ്ങില്ല.

 4. ഇത്രയും വലിയ ഒരു പദ്ധതിയുടെ ഡിപിആർ നാളിതുവരെയായും പ്രസിദ്ധീകരിക്കാത്തത് ഇതിനു പിന്നിൽ എന്തോ മറക്കാൻ ഉണ്ട് എന്നതിന്റെ സൂചനയാണ്. വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകൃത സാങ്കേതിക വിദഗ്ധരടങ്ങിയ ഏജൻസികളെ വെച്ച് അലൈൻമെന്റ് റൂട്ടും തീരുമാനിക്കേണ്ട സ്ഥാനത്ത് ഗൂഗിൾ എർത്തിന്റെ സഹായത്തോടെ അലൈൻമെന്റ്  തീരുമാനിച്ചത് ബാലിശവും ഇത്രയും വലിയ പദ്ധതിയിൽ സർക്കാർ കാണിക്കുന്ന അലംഭാവവും വ്യക്തമാക്കുന്നു.

5.ഡിഎംആർസി പോലെ ഇത്തരം പദ്ധതികളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള കമ്പനികൾ പോലും ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കാൻ 10 മുതൽ 15 വർഷം വരെ വേണ്ടിവരും എന്ന് പറയുമ്പോൾ 2025-ൽ ഈ പദ്ധതി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന് മനസ്സിലാകുന്നില്ല. അങ്ങേയ്ക്ക് അത് വാക്ക് നൽകിയത് ഏത് കമ്പനിയാണ്? പേരു വെളിപ്പെടുത്താൻ തയ്യാറാകുമോ.

 ഇനി ഇതിന്റെ സാമ്പത്തിക വശത്തിലേക്ക് കടന്നാൽ...

 മുംബൈ-അഹമ്മദാബാദ് എന്നീ രണ്ട് വലിയ നഗരങ്ങളെയും രണ്ടു സംസ്ഥാനങ്ങളെയും മൂന്നോളം കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ വരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പ്രതീക്ഷിക്കുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 35,750- ആണ്. അതേസമയം ഒരു സംസ്ഥാനത്ത് കൂടി മാത്രം കടന്നു പോകുന്ന കെ-റെയിൽ പദ്ധതിയിൽ പ്രതീക്ഷിക്കുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 80,000- ആണ്.ഈ കണക്കുകൾ വ്യക്തമാക്കുന്നത് പൊള്ളയായ വാദമുഖങ്ങൾ നിരത്തി കെ-റെയിൽ ലാഭകരമാണെന്ന് ചിത്രീകരിച്ച്   ആർക്കോവേണ്ടി ഈ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമം .

 നിലവിൽ ട്രെയിനുകളുടെ (ബ്രോഡ്ഗേജ്) വേഗത കാസർഗോഡ് മുതൽ ഷൊർണ്ണൂർ വരെ മണിക്കൂറിൽ 110 കിലോ മീറ്ററും ഷൊർണ്ണൂർ മുതൽ തിരുവനന്തപുരം വരെ 60 മുതൽ 80 കിലോമീറ്റർ വരെയുമാണ്. ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന കെ റെയിൽ പാതയുടെ ശരാശരി വേഗത 132 കിലോ മീറ്റർ മാത്രമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ റെയിൽവേ പാതയുടെ ഡബ്ലിങ് പൂർണമായും പൂർത്തീകരിക്കുകയും, നിലവിലുള്ള ബ്രോഡ്ഗേജ് പാതയിൽ ആധുനിക വൽക്കരണവും നടപ്പിലാക്കിയാൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിയും. പ്രധാന നഗരങ്ങളിൽ മാത്രം സ്റ്റോപ്പ് അനുവദിച്ചാൽ സുഖമായി ആറ് മുതൽ ഏഴ് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് എത്താൻ കഴിയും.റെയിൽവേ മന്ത്രാലയവും ഇക്കാര്യം വിഷൻ 2020-ൽ വ്യക്തമാക്കിയിട്ടുണ്ട്..

 നാടിനെ അപ്പാടെ തകർത്ത്,പാവങ്ങളെ കുടിയൊഴിപ്പിച്ച്, നീർത്തടങ്ങൾ നികത്തി തന്റെ കാലത്ത് തന്നെ ഓർത്തിരിക്കാൻ എന്തെങ്കിലും വിപ്ലവകരമായി ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ 2018-ൽ ഇതേ ആഗ്രഹത്തോടെ അങ്ങ് ശബരിമലയിൽ ചെയ്തതിന്റെ പരിണിത ഫലങ്ങൾ  ഒന്ന് ഓർത്താൽ നന്ന്. 
     അഡ്വ ഷോൺ ജോർജ് 
     ജില്ലാ പഞ്ചായത്ത് മെമ്പർ 
                  കൊട്ടയം
Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്