പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-പട്ടയങ്ങൾ നിലവിൽ വന്നു. ക്യുആർ കോഡും ഡിജിറ്റൽ ഒപ്പുമുള്ള പട്ടയങ്ങളാണു ഇനി വിതരണം ചെയ്യുക. പട്ടയങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ നഷ്ടപ്പെടാത്ത രീതിയിൽ സംരക്ഷിക്കും. ആദ്യ ഘട്ടമായി ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയ സർട്ടിഫിക്കറ്റുകളാണ് ഇ-പട്ടയങ്ങൾ ആക്കിയിട്ടുള്ളത്. തുടർന്ന് ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങളും ഇ-പട്ടയങ്ങളായി നൽകും.
ഇ-പട്ടയങ്ങൾ റവന്യു വകുപ്പിന്റെ റെലീസ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ പട്ടയം ലഭിച്ചശേഷം പോക്കുവരവുകൾ പ്രത്യേക അപേക്ഷയില്ലാതെ തന്നെ നടത്താം. പട്ടയങ്ങളുടെ ആധികാരികത ക്യൂആർ കോഡ് വഴി പരിശോധിച്ച് ഉറപ്പുവരുത്താം എന്നതിനാൽ വ്യാജ പട്ടയങ്ങൾ സൃഷ്ടിച്ച് നടത്തുന്ന ഭൂമി തട്ടിപ്പുകളും തടയാനാകും. ഇ-പട്ടയങ്ങൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഒരു വ്യക്തിക്ക് നൽകിയ പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാവും. ഇതുമൂലം വീണ്ടും പട്ടയങ്ങൾക്ക് അപേക്ഷിക്കുന്നതും ഒഴിവാക്കാം.
കടലാസിൽ അച്ചടിച്ച പട്ടയങ്ങളാണ് ഇപ്പോഴുള്ളത്. നഷ്ടപ്പെട്ടാൽ പകർപ്പെടുക്കാൻ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട റവന്യു ഓഫിസുകളിൽ പട്ടയ ഫയലുകൾ ഒരു പ്രത്യേക കാലയളവ് മാത്രമേ സൂക്ഷിക്കാറുള്ളൂ. ഫയലുകൾ നഷ്ടപ്പെട്ടാൽ രേഖകൾ കണ്ടെത്തി പകർപ്പുകൾ ലഭിക്കാത്തതു പരാതിക്കും ഇടയാക്കാറുണ്ട്. ഇതിനു പരിഹാരമാണ് ഇ-പട്ടയം.