കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 27ന് എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആയേക്കാം. ഞായറാഴ്ചയോടുകൂടി കാലവർഷം ആൻഡമാൻ കടലിൽ എത്തിച്ചേരും. മെയ് 23 മുതൽ കേരളത്തിൽ മഴ ആരംഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
മുൻ വർഷങ്ങളേക്കാൾ ഇത്തവണ അധികം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സാധാരണ ജൂൺ ആദ്യവാരമാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. അതേസമയം വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട് മഴയ്ക്ക് സാധ്യതയുണ്ട്.
2022 മെയ് 13 മുതൽ മെയ് 17 വരെ കേരളത്തിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.