ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്‌ടറോട് അപര്യാദയായി പെരുമാറിയ യുവാക്കള്‍ പോലീസ് വരുന്നതറിഞ്ഞ് ചതുപ്പില്‍ ചാടി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ രക്ഷപ്പെടുത്തി. 16 നു രാത്രിയിലായിരുന്നു സംഭവം.
ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയ്‌ക്കു പോയ കെ.എസ്.ആര്‍.ടി.സി. ബസില്‍ തിരുവല്ലയില്‍നിന്ന് കയറിയ കറുകച്ചാല്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ ബസില്‍ തുപ്പുന്നതു കണ്ട വനിതാ കണ്ടക്‌ടര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. ഇതോടെ യുവാക്കള്‍ കണ്ടക്‌ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തു.
എടത്വാ ഡിപ്പോയില്‍ എത്തിയപ്പോള്‍ ഈ യുവാക്കള്‍ ഇറങ്ങാതെ ബസ് വിടില്ലെന്നു കണ്ടക്‌ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡിപ്പോ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ ബസില്‍ നിന്ന് ഇറക്കിവിട്ടു.തുടര്‍ന്ന് ബസ് ആലപ്പുഴയ്ക്ക് പുറപ്പെടുകയും ചെയ്‌തു.
ഇതിനുപിന്നാലെ യുവാക്കള്‍ ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പി എടുത്ത് എറിയുകയും ചെയ്‌തതായാണ് പരാതി. ഇതിനിടെ പോലീസ് വരുന്നതറിഞ്ഞ് ഓടിയ ഇവര്‍ എടത്വാ സെന്റ് അലോഷ്യസ് കോളജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടി. സ്‌ഥലം പരിചയമില്ലാത്ത ഇവര്‍ ചതുപ്പില്‍ ഒരു മണിക്കൂറോളം കിടന്നു.
പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവില്‍ ചതുപ്പില്‍ നിന്ന് ഒരാളെ കണ്ടെത്തി. ഇതിനിടയില്‍ മറുകരയില്‍ എത്തിയ രണ്ടാമന്‍ മറ്റൊരു ബസില്‍ കയറി തിരുവല്ലയിലേക്കു പോയി. ചതുപ്പില്‍ പതുങ്ങിക്കിടന്ന യുവാവിനെ തകഴി ഫയര്‍ഫോഴ്‌സും എടത്വാ പോലീസും ചേര്‍ന്ന് സാഹസികമായിട്ടാണ് കരയ്‌ക്ക് എത്തിച്ചത്.
മണിക്കൂറുകളോളം യുവാവ് ശബ്‌ദമുണ്ടാക്കാതെ പതുങ്ങി കിടന്നതാണ് അഗ്‌നി രക്ഷാസേനയെയും പോലീസിനെയും വട്ടംചുറ്റിച്ചത്. പോലീസ് ജെ.സി.ബി. എത്തിച്ച് ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തകഴി ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍ പി.കെ. പ്രദീപ്‌കുമാറിന്റെ കാലില്‍ സിറിഞ്ച് തറച്ചുകയറി പരുക്കേല്‍ക്കുകയും ചെയ്‌തു.
എടത്വാ സി.ഐ കെ.ബി ആനന്ദബാബു, എസ്.ഐ സെബാസ്‌റ്റ്യന്‍ ജോസഫ്, പോലീസ് ഉദ്യോഗസ്‌ഥരായ ശ്രീകുമാര്‍, വിജയന്‍, സനീഷ്, അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്‌ഥരായ സുമേഷ്, മനുക്കുട്ടന്‍, അഭിലാഷ്, രാജേഷ്, അരുണ്‍, അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.