ദീപാവലി പ്രമാണിച്ച് സിനിമ തീയറ്ററുകളിൽ ഇത്തവണ പൊടിപൂരം തന്നെ പ്രതീക്ഷിക്കാം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഒക്ടോബര്‍ മൂന്നാം വാരത്തിലും അവസാന വാരത്തിലുമായി സ്‌ക്രീനിലെത്തും.
മലയാളത്തില്‍ നിന്നും മോഹന്‍ലാലിന്‍റെ 'മോണ്‍സ്റ്റര്‍' ഉൾപ്പെടെയുള്ള ചിത്രങ്ങൾ ദീപാവലി വിരുന്നായി എത്തുകയാണ്.
റിലീസ് പ്രതീക്ഷിക്കുന്ന മറ്റ് ചിത്രങ്ങൾ:-
മോണ്‍സ്റ്റര്‍ (റിലീസ്: ഒക്ടോബര്‍ 21)
മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടിലെ ചിത്രം മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്കുകൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തലപ്പാവ് കെട്ടിയ പഞ്ചാബിയുടെ ലുക്കിലാണ് മോഹന്‍ലാല്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഉദയ്കൃഷ്ണയുടേതാണ് രചന
പടവെട്ട് (റിലീസ്: ഒക്ടോബര്‍ 21)
നിവിന്‍ പോളിയുടെ അതിശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് 'പടവെട്ട്'. മലയാളം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പടവെട്ടും ഒക്ടോബര്‍ 21ന് റിലീസിന് ഒരുങ്ങുകയാണ്. നിവിന്‍ പോളി, ഷമ്മി തിലകന്‍, അദിതി ബാലന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംവിധാനം: ലിജു കൃഷ്ണ
സര്‍ദാര്‍ (റിലീസ്: ഒക്ടോബര്‍ 21)
കാര്‍ത്തി നായകനായ തമിഴ് സ്പൈ ചിത്രം സര്‍ദാര്‍ ഒക്ടോബര്‍ 21ന് തിയേറ്ററുകളിലെത്തും. നടി ലൈലയുടെ തിരിച്ചുവരവും ചങ്കി പാണ്ഡെയുടെ തമിഴ് സിനിമാ അരങ്ങേറ്റവും രേഖപ്പെടുത്തുന്ന ചിത്രം.
റാം സേതു (റിലീസ്: ഒക്ടോബര്‍ 25)
അക്ഷയ് കുമാര്‍ നായകനാകുന്ന ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രം ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും. പുരാണത്തിലെ രാമസേതു പാലത്തിന്റെ അസ്തിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു പുരാവസ്തു ഗവേഷകന്റെ വേഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നഷ്രത്ത് ബറൂച്ച എന്നിവരും ചിത്രത്തിലെ അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു. അഭിഷേക് ശര്‍മ്മയാണ് സംവിധാനം.
ഗന്ധദ ഗുഡി (റിലീസ് ഒക്ടോബര്‍ 28)
അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്വപ്ന പദ്ധതിയാണ് ഗന്ധദ ഗുഡി. ഒക്ടോബര്‍ 28 ന് റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം കര്‍ണാടകയുടെ പൈതൃകത്തോടുള്ള ആദരവാണ്.
താങ്ക് ഗോഡ് (റിലീസ്: ഒക്ടോബര്‍ 25)
അജയ് ദേവ്ഗണ്‍ നായകനായ ഫാന്റസി കോമഡി ചിത്രം ഈ ദീപാവലിക്ക് ബോക്‌സ് ഓഫീസില്‍ രാം സേതുവുമായി ഏറ്റുമുട്ടും. ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് സിംഗ്, നോറ ഫത്തേഹി എന്നിവരും അഭിനയിക്കുന്നു.