ആലപ്പുഴ: ചേർത്തലയിൽ യുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെ ക്രൂരപീഡനം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് നിരന്തരം മർദിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നും ഭർതൃമാതാവ് കൈ കടിച്ചു മുറിച്ചെന്നും പരാതിക്കാരി ആരോപിച്ചു.
പോലീസ് പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. 2013 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം.
വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിൽ ഇവർ നിരന്തരം മർദിച്ചിരുന്നു. പ്രസവത്തിന് ശേഷവും യുവതിയെ ഭർത്താവും വീട്ടുകാരും പീഡനം തുടർന്നു.
ഭർത്താവും ഭർതൃമാതാവും പിതാവും ചേർന്ന് വീട്ടിൽ നിന്ന് തന്നെ പുറത്താക്കുകയും ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു. ഷാൾ വലിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ഭർതൃമാതാവ് കൈകൾ കടിച്ചു മുറിച്ചു.
പെൺകുട്ടിയെ ഇനിയും ഭർത്താവിന്റെ വീട്ടിൽ നിർത്തിയാൽ ജീവൻ നഷ്ടമാകുമെന്നറിഞ്ഞ് തിരികെ കൊണ്ടു വരികയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.