ഭരണങ്ങാനം പഞ്ചായത്തിലെ സ്വകാര്യ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിന്റെ ഒരുകിലോമീറ്റർ ചുറ്റുമുള്ള പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കളക്ടർ പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും കടകളിൽ വില്ക്കുന്നതും ഇവിടെനിന്ന് പന്നിയും പന്നിമാംസവും മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു. പന്നിപ്പനി നിയന്ത്രിക്കാൻ നിയോഗിച്ച മൃഗസംരക്ഷണ വകുപ്പ് ടാസ്‌ക്‌ഫോഴ്‌സ് ഫാമിൽനിന്ന് 30 പന്നികളെയും 34 പന്നിക്കുഞ്ഞുങ്ങളെയും ദയാവധം നടത്തിയശേഷം മറവുചെയ്തു.
ഫാമും പരിസരവും അണുവിമുക്തമാക്കി.പക്ഷികളിലും മനുഷ്യരിലും രോഗം പകരില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.