കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 7 വോട്ട് ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായിരുന്നു. കെ.വി. ബിന്ദുവിന് 14 വോട്ടും രാധാ വി. നായർക്ക് 7 വോട്ടും ലഭിച്ചു. 21 പേരാണ് വോട്ടുചെയ്തത്. ഒരാൾ എത്തിയില്ല.
കുമരകം ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കെ.വി. ബിന്ദു. സി.പി.ഐ.എം. പ്രതിനിധിയാണ്. നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലൂടെയാണ് ബിന്ദു പൊതു പ്രവർത്തനം തുടങ്ങിയത്. ഡി. വൈ. എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ മുഖ്യപ്രവർത്തന മേഖലയായി.
ഇപ്പോൾ അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. കുമരകം ഭവനനിർമ്മാണ സഹകരണ സംഘത്തിൻ്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
1999 ൽ പള്ളം ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. കുമരകം ഗ്രാമപ്പഞ്ചായത്തിലേയ്ക്കും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.