കോട്ടയം: മീനച്ചിൽ ,കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ഭൂഉടമകളുടെ ബേസിക് ടാക്സ് രജിസ്റ്ററുകളിൽ തോട്ടം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് മാറ്റി നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച പരാതിക്ക് മറുപടിയായി രേഖാമൂലം അറിയിച്ചു -
ജില്ലാ വികസന സമിതിയിലെ ജോസ് കെ.മാണി എം.പിയുടെ പ്രതിനിധി ജയ്സൺമാന്തോട്ടമാണ് വർഷങ്ങളായി ഭൂഉടമകൾ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടത്.മിച്ചഭൂമി കേസ് ഇല്ലാത്ത അപേക്ഷകളിൽ ഒരാഴ്ച്ചക്കുള്ളിൽ പുരയിടമാക്കി ഭൂമിയുടെ ഇനം മാറ്റി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
1970-ലെ കൈവശ കക്ഷി പേരിലും പഴയ പട്ടയ സർവ്വേ നമ്പരിലും ടി.എൽ.ബി കേസ് ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഫയൽ അതാത് ആർ.ഡി.ഒ കളിൽ നിന്നും വാങ്ങി പരിശോധിച്ച് തോട്ട ഭൂമി അല്ലായെങ്കിൽ പുരയിടമാക്കി ഉത്തരവാകുന്നതാണെന്നും ജില്ലാ കളക്ടറുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബി.ടി.ആറിൽ തോട്ടമായി കി ടക്കുന്ന സ്ഥലം വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്, കക്ഷിയുടെ അപേക്ഷ, സത്യവാങ്ങ്മൂലം, 1970 മുതലുള്ള ആധാരങ്ങൾ എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
ഭൂമിയുടെ ഇനം നിലം, പുരയിടം എന്നതിനു പകരം തോട്ടം എന്ന് ബേസിക് ടാക്സ് രജിസ്റ്ററുകളിൽ തെറ്റായി എഴുതപ്പെട്ടതിനെ തുടർന്ന് തിരവധി ഭൂഉടമകൾക്ക് വർഷങ്ങളായി ഭൂമി ക്രയവിക്രയങ്ങൾക്കും കെട്ടിട നിർമ്മാണത്തിനും വായ്പകൾക്കും വളരെ ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു.പുതിയ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പരാതികൾക്ക് പരിഹാരം ഉണ്ടാക്കാനാവും.