കോട്ടയം: ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ജില്ലയിൽ ആന്റിബയോട്ടിക് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വിൽക്കരുതെന്നു ജില്ലാ മെഡിക്കൽ ഓഫിസ്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രോഗ്രാമിന്റെ ഭാഗമായാണു നടപടി.
നിർദേശം ലംഘിച്ചാൽ കർശനനടപടി സ്വീകരിക്കും.ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന കവറുകളിൽ ഉപയോഗത്തിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച സന്ദേശമടങ്ങുന്ന ചുവന്ന നിറത്തിലുള്ള സീൽ പതിപ്പിക്കണം.
ഇതിനായുള്ള 750 റബർ സീലുകൾ വിതരണം ചെയ്തു. മെഡിക്കൽ സ്റ്റോറുകൾക്കു കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എകെസിഡിഎ) ഭാരവാഹികളിൽ നിന്നോ ഡ്രഗ് ഇൻസ്പെക്ടർ ഓഫിസിൽ നിന്നോ സീൽ കൈപ്പറ്റാം.
ആന്റിബയോട്ടിക് ദുരുപയോഗം പലവിധം
∙ഡോക്ടർ നിർദേശിച്ച മരുന്നു പൂർണമായും കഴിക്കുന്നതിനു മുൻപു നിർത്തുക
∙നിർദേശിച്ച കാലയളവിലും കൂടുതൽ കഴിക്കുക
∙കൃത്യമായി കഴിക്കാതിരിക്കുക
∙മുൻപു ഡോക്ടർ നിർദേശിച്ച മരുന്ന്, പരിശോധനകളില്ലാതെ വീണ്ടും ഉപയോഗിക്കുക
∙മറ്റൊരാൾക്കു സമാനമായ രോഗത്തിനു നിർദേശിച്ച മരുന്നുവാങ്ങി കഴിക്കുക
∙പനി തൊണ്ടവേദന, ജലദോഷം എന്നിവയ്ക്കും അനാവശ്യമായി ഉപയോഗിക്കുക.
മൃഗങ്ങൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ
മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും രോഗം ബാധിക്കാതിരിക്കാൻ മുൻകൂട്ടി ആന്റിബയോട്ടിക്കുകൾ ഭക്ഷണത്തിൽ കലർത്തി നൽകുന്ന പ്രവണത കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങൾക്കും ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ നൽകരുത്.