പാലാ: സംസ്ഥാന കലോത്സവ മാതൃകയിൽ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ ലയുടെ കേളികൊട്ടിന് നാളെ (22/07/2025 ചൊവ്വാഴ്ച്ച) അരങ്ങുണരുന്നു. ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 5 വേദികളിലായി ഇരുന്നൂറോളം കൊച്ചു കലാപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
പ്രസംഗം, ലളിതഗാനം, അഭിനയഗാനം, നാടോടി നൃത്തം, ഫാൻസിഡ്രസ്, പദ്യംചൊല്ലൽ മലയാളം, പദ്യം ചൊല്ലൽ ഇംഗ്ലീഷ്, കഥാകഥനം എന്നീ മത്സരങ്ങളിലാണ് കുട്ടികൾ മാറ്റുരയ്ക്കുക. കലാരംഗങ്ങളിൽ വിദഗ്ദ്ധരായ പ്രശസ്തവ്യക്തിത്വങ്ങളാണ് വിധികർത്താക്കളാകുക. രണ്ടാം തവണയാണ് ഇത്തരത്തിൽ കലോത്സവം പാലാ സെൻ്റ് മേരീസ് എൽ. പി. സ്കൂളിൽ നടക്കുന്നത്. കുട്ടികളുടെ കലാഭിരുചികൾ മാറ്റുരയ്ക്കുന്ന കലോത്സവം ഒരു സംസ്ഥാന കലോത്സവത്തിൻ്റെ എല്ലാ കെട്ടിലും മട്ടിലുമാണ് നടത്തപ്പെടുക.
ചൊവ്വാഴ്ച രാവിലെ 9.30ന് കലോത്സവത്തിൻ്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം എൽ എ നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി അധ്യക്ഷത വഹിക്കും. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പി.റ്റി.എ പ്രസിഡൻ്റ് ജോഷിബാ ജയിംസ് ആശംസയർപ്പിക്കും. അധ്യാപകരായ സി.ലിജി, ലീജാ മാത്യു, സി.ജെസ്സ് മരിയാ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ റോസ്, എന്നിവർ നേതൃത്വം നൽകും.