ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. 114 പേര്‍ ചികിൽസയിലുണ്ട്. 46,323 പേർ നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
ആശുപത്രികളിൽ ക്വാറന്റീനിലുള്ള മുഴുവൻ പേരെയും പരിശോധിക്കും. ഇത് 2, 3 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിനങ്ങളിൽ കാണാം എന്നു പറഞ്ഞാണ്. വാര്‍ത്താ സമ്മേളനത്തിൽ അതത് ദിവസത്തെ പ്രധാന സംഭവങ്ങളാണു പറഞ്ഞത്. നമ്മുടെ പ്രവർത്തനത്തിന്റെ പൊങ്ങച്ചം അവതരിപ്പിക്കാൻ ഉപയോഗിച്ചിരുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ചില കാര്യങ്ങള്‍ നമ്മൾ ഓർക്കുന്നതു നല്ലതായിരിക്കും. ജനുവരി 30നാണ് ആദ്യത്തെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. യഥാർഥത്തിൽ അതിനു ശേഷം സംസ്ഥാനം മുൾമുനയിൽ നിൽക്കുന്ന നിലയായിരുന്നു.
രാജ്യത്തെ ആദ്യ കോവിഡ് ബാധ നമ്മുടെ സംസ്ഥാനത്തായിരുന്നു. എല്ലാവർക്കും അറിയാവുന്നതു പോലെ വുഹാനില്‍നിന്നെത്തിയ വിദ്യാർഥിയെ തൃശൂരിലെ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തിൽ കേരളം ആകെ ഉണര്‍ന്നു പ്രവർത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ടീമുകളുണ്ടാക്കി. എല്ലാ ജില്ലകളിലും ഐസലേഷൻ കേന്ദ്രങ്ങൾ കൊണ്ടുവന്നു. ഫെബ്രുവരി 2ന് ആലപ്പുഴയിലും 3ന് കാസർകോട്ടും രോഗം സ്ഥിരീകരിച്ചു. 3 പേരെയും ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞു. പിന്നീട് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കാൻ നമുക്ക് കഴിഞ്ഞു. ഇത് ആദ്യ ഘട്ടമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 19ന് സംസ്ഥാനത്ത് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്ന് വന്ന കുടുംബത്തിലെ 5 പേർക്ക് രോഗബാധയുണ്ടായി. എന്നാൽ അതിനു മുൻപ് തന്നെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനാ സംവിധാനം ഏർപെടുത്തിയിരുന്നു. യാത്രക്കാർക്ക് കൃത്യമായ നിർദേശം നൽകി. എന്നിട്ടും രണ്ടാംഘട്ട വൈറസ് വ്യാപനത്തിന്റെ ഭീഷണിയായിരുന്നു 5 പേരുടെ രോഗം. അതോടെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടിവന്നു. സമ്പർക്കത്തിൽ വന്നവരെയെല്ലാം കണ്ടെത്തി പരിശോധിച്ചു. ശാസ്ത്രീയമായി റൂട്ട് മാപ്പ് തയാറാക്കി. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കി. വിമാനത്താവളങ്ങളിൽ എത്തുന്നവരെ നിരീക്ഷണത്തിൽ കഴിയാൻ അയച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ആൾക്കൂട്ടം, ഉത്സവം, കൂടിച്ചേരലുകൾ എല്ലാം വിലക്കി. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കും ഏറ്റവും കൂടിയ രോഗ മുക്തി നിരക്കും കേരളത്തിൽ ആയതിന് കാരണം കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളുടെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.