തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 6 പേരും കണ്ണൂർ ജില്ലക്കാരാണ്. ഇതിൽ 5 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് 21 പേരുടെ ഫലം നെഗറ്റീവായി. കാസർഗോഡ് 19, ആലപ്പുഴ 2. എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. 114 പേര്‍ ചികിൽസയിലുണ്ട്. 46,323 പേർ നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ കഴിയുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കും ഏറ്റവും കൂടിയ രോഗ മുക്തി നിരക്കും കേരളത്തിൽ ആയതിന് കാരണം കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളുടെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ നാടെന്ന പേരിൽ നിന്നും കേരളം വളരെ വേഗത്തിൽ മുക്തമായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മരണ നിരക്ക് ലോക ശരാശരിക്കും ദേശീയ ശരാശരിക്കും വളരെ താഴെയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലെത്തിക്കുന്ന പ്രവാസികളെ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോർക്ക വഴി പരമാവധി സഹായത്തിന് ശ്രമിക്കും.