പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന ഉത്തരവുമായി ഡിജിപി. സംസ്ഥാനത്തിനകത്തെ ജോലികൾക്കായി ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് നൽകാനേ പോലീസിന് കഴിയൂ. വിദേശത്തെ ജോലികൾക്ക് ഗുഡ് കോൺടാക്ട് സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്രത്തിന്റെ അംഗീകൃത ഏജൻസി ആയിരിക്കണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഡിജിപിയുടെ ഉത്തരവ്.
‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിന് പകരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആയിരിക്കും ഇനി നൽകുന്നത്. സംസ്ഥാനത്തിനകത്തെ ജോലിക്ക് മാത്രമായിരിക്കും ഇത് നൽകുന്നത്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷകൻ ജില്ലാ പോലീസ് മേധാവിക്കോ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കോ അപേക്ഷ നൽകണം. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഇതിനുള്ള ഫീസ്. അപേക്ഷ ലഭിച്ചാൽ ഉടൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും.
ഏഴ് ദിവസത്തിനുള്ളിൽ അപേക്ഷകന് സർട്ടിഫിക്കറ്റ് നൽകണം. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. ഇക്കാര്യം അപേക്ഷകനെ കേസ് നമ്പർ സഹിതം അറിയിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്ന ആൾക്കും സർട്ടിഫിക്കറ്റ് നൽകില്ല. വിലാസം തിരിച്ചറിയുന്നതിനായി റേഷൻ കാർഡ്, വോട്ടേഴ്‌സ് ഐഡി, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് , വോട്ടേഴ്‌സ് ഐഡി തുടങ്ങി ഏതെങ്കിലും അംഗീകൃത രേഖ സമർപ്പിക്കാം.
കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് പോലീസ് പിൻവാങ്ങിയത്. ചില രാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന് വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.