പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ഈരാറ്റുപേട്ട: മാർക്കറ്റ് റോഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ അധികൃതരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷ കൗൺസിലർമാരും വഴിയോര കച്ചവട യൂണിയൻ പ്രതിനിധികളും ഉറച്ചുനിന്നതോടെ അധികൃതർ പിൻവാങ്ങി. ഈരാറ്റുപേട്ട ടൗണിൽ മുൻപ് തീരുമാനിച്ച ട്രാഫിക് കമ്മിറ്റി പരിഷ്‌ക്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയതെന്നു നഗരസഭാ അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച 11 മണിയോടെയാണ് നഗരസഭാ അധികൃതർ മാർക്കറ്റ് റോഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയത്. അഹമ്മദ് കുരിക്കൾ നഗറിനു സമീപത്തെ കച്ചവടക്കാരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ടതോടെ തർക്കം ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പ്രതിപക്ഷ കൗൺസിലർമാർ കച്ചവടക്കാർക്കനുകൂലമായി സംസാരിച്ചതോടെ തർക്കം രൂക്ഷമായി.
മാർക്കറ്റ് റോഡിലെ വഴിയോര കച്ചവടക്കാരെ പൂർണമായും ഒഴിപ്പിച്ചിട്ട് അഹമ്മദ് കുരിക്കൾ നഗറിലെ ഒഴിപ്പിച്ചാൽ മതിയെന്ന നിലപാടിൽ പ്രതിപക്ഷ കൗൺസിലർമാരും വഴിയോര കച്ചവട യൂണിയൻ പ്രതിനിധികളും ഉറച്ചുനിന്നു. നഗരത്തിലെ തിരക്ക് കുറയ്ക്കാനായി മാർക്കറ്റ് റോഡിലെ വഴിയോര കച്ചവടത്തെ മാറ്റാനും വൺവേ സംവിധാനങ്ങൾ ഏർപ്പെടുത്താനും ജനുവരി 20ന് ചേർന്ന കമ്മിറ്റി തീരുമാനിച്ചിരുന്നെന്നും കച്ചവടക്കാരോട് ഇവിടെ നിന്നും ഒഴിയണമെന്നു 3 മാസം മുൻപ് നോട്ടീസ് നൽകിയിരുന്നതായും ചൊവ്വാഴ്ച വൈകിട്ടും നിർദേശം നൽകിയിരുന്നതായും നഗരസഭ വ്യക്തമാക്കി.