പത്തനംതിട്ട: റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പണം അടങ്ങിയ ചെറിയ ചാക്കു കെട്ടും പുതിയ സെറ്റ് മുണ്ടും നാട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിച്ചിരുന്നു.കസ്‌റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച പണം തേടി ക്ഷേത്രപൂജാരി വന്നതോടെയാണ് പണച്ചാക്കിന് പിന്നിലെ കഥ വെളിച്ചത്തു വന്നത്.
മാലിന്യമാണെന്ന് കരുതി പൂജാരി റോഡ് വശത്തേക്ക് വലിച്ചെറിഞ്ഞത് കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ദക്ഷിണയായി ലഭിച്ചിരുന്ന പണവും മുണ്ടും അടങ്ങിയ ചാക്കായിരുന്നു. 39,432 രൂപയാണ് ചാക്കു കെട്ടിലുണ്ടായിരുന്നത്. മുണ്ട് ഇതിന് മുകളിലായി വച്ചിരുന്നതാണ്. പോലീസ് പൂജാരിക്ക് പണം തിരികെ നല്‍കിയതോടെ രാവിലെ തുടങ്ങിയ ആശങ്കയ്‌ക്ക് വിരാമമായി.
ഇന്നലെ രാവിലെ പ്രമാടം മഹാദേവര്‍ ക്ഷേത്രത്തിന് സമീപം മുട്ടം എന്ന സ്‌ഥലത്ത് നാട്ടുകാരാണ് റോഡരികില്‍ ഒരു ചാക്ക് കെട്ടും പുതിയ മുണ്ടും കിടക്കുന്നത് കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ 10,20 രൂപയുടെ കറന്‍സി നോട്ടുകളാണന്നെ് മനസിലായി. നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് സ്‌ഥലത്ത് വന്നു. ഇതോടെ പണച്ചാക്ക് കാണാന്‍ ആളും കൂടി.
ഏതോ ക്ഷേത്രത്തില്‍ മോഷണം നടത്തിക്കൊണ്ടു വന്ന പണം കള്ളന്മാന്‍ പോലീസ് പട്രോളിങ് സംഘത്തെ കണ്ട് ഉപേക്ഷിച്ചതാകാം എന്നായിരുന്നു ആദ്യ നിഗമനം. ഇതിന്റെ അടിസ്‌ഥാനത്തില്‍ ചാക്കുകെട്ടും പണവും ശാസ്‌ത്രീയ പരിശോധന നടത്തി കസ്‌റ്റഡിയില്‍ എടുത്തു. പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയ പണത്തിന്റെ അവകാശി ഉച്ചയോടെ തേടിയെത്തി.
ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത കണ്ട മഠത്തില്‍കാവ് ക്ഷേത്രത്തിലെ പൂജാരി സുജിത്ത് നാരായണനാണ് ഇത് തന്റെ പണമാണെന്ന് അവകാശപ്പെട്ട് സ്‌റ്റേഷനില്‍ എത്തിയത്. പണച്ചാക്ക് കാണപ്പെട്ടിടത്തു നിന്ന് അധികം അകലെയല്ലാതെയാണ് സുജിത്ത് താമസിക്കുന്നത്. പുലര്‍ച്ചെ മാലിന്യം അടങ്ങിയ ചാക്കാണെന്ന് കരുതിയാണ് വലിച്ചെറിഞ്ഞത്.
പിന്നീട് വാര്‍ത്ത കണ്ട് കാറില്‍ നോക്കുമ്ബോഴാണ് ചാക്ക് മാറിയ വിവരം അറിഞ്ഞത്. ക്ഷേത്രത്തില്‍ ഭക്‌തര്‍ ദക്ഷിണയായി നല്‍കിയ പണമായിരുന്നു ഇത്. ഇതിനോടകം പോലീസ് പണം എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. സുജിത്തിന്റെ മൊഴിയില്‍ സത്യമുണ്ടെന്ന് മനസിലാക്കിയ പോലീസ് പണം തിരികെ നല്‍കി. ഒപ്പം മാലിന്യം വഴിവക്കില്‍ വലിച്ചെറിയരുതെന്ന് ഒരു ഉപദേശവും.