കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഭരണങ്ങാനത്ത് നടന്ന പ്രേഷിത റാലിക്ക് കാവുംകണ്ടം മിഷൻ ലീഗ് യൂണിറ്റ് എ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുത്തുക്കുടകളും വാദ്യമേളങ്ങളും റാലിക്ക് കൊഴുപ്പേകി.
മിഷൻ ലീഗിന്റെ ചെമ്മഞ്ഞ പതാക വഹിച്ചു കൊണ്ട് സെറ്റ് സാരി അണിഞ്ഞ സ്ത്രീകൾ റാലിയുടെ ഏറ്റവും മുൻപിലായി അണിനിരന്നു. മിഷൻലീഗിന്റെ മധ്യസ്ഥയുടെയും ഉപമധ്യസ്ഥരുടെയും സ്ഥാപക നേതാക്കളുടെയും ടാബ്ലോ റാലിക്ക് മിഴിവേകി. പ്ലക്കാർഡുകളും വർണ്ണ കുടകളും കയ്യിൽ പിടിച്ചു മുദ്രാവാക്യം ഏറ്റു പറഞ്ഞുകൊണ്ട് കുഞ്ഞുമിഷനറിമാർ നടത്തിയ പ്രേഷിത റാലി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
കുട്ടികളോടൊപ്പം മാതൃവേദി, പിതൃവേദി, എകെസിസി, വിൻസെന്റ് ഡി പോൾ, ലിജിയൻ ഓഫ് മേരി, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
റാലിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ടീം അംഗങ്ങളെ വികാരി ഫാ.സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ തുടങ്ങിയവർ അഭിനന്ദിച്ചു.
സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ഡെന്നി കൂനാനിക്കൽ, ജോയൽ ജോസഫ് ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, ജോജോ പടിഞ്ഞാറയിൽ, ബിൻസി ജോസ് ഞള്ളായിൽ, ഷൈനി സണ്ണി വട്ടയ്ക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.