തൊടുപുഴ: പുരാണങ്ങളും ഇതിഹാസങ്ങളും കാലാതിവർത്തിയായ മനുഷ്യ കഥാനുഗായികളാണെന്ന് ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എംഎൽഎ പറഞ്ഞു. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 26ആം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവത്ഗീതയും മഹാഭാരതവും, രാമായണവും ഇന്നും പ്രസക്തമാകുന്നത് ഇതിനാലാണ്. മനുഷ്യ മനസ്സുകളിലെ നിരന്തര ചിന്തകളും കൽപനകളും നിത്യ ജീവിതത്തിലെ പ്രതിസന്ധികളും അവയുടെ പരിഹാരങ്ങളും കാലികപ്രസക്തിയോടെ നിലനിൽക്കുന്നത് ഋഷി പ്രോക്തമായ പുരാണേതിഹാസങ്ങൾ മാനവ നന്മയുടെ ബഹിർസ്ഫുരണങ്ങളാണെന്നതിലാണെന്നും ഡോ.ജയരാജ് പറഞ്ഞു.
ക്ഷേത്രം രക്ഷാധികാരി എംപി ശ്യാംകുമാർ അധ്യക്ഷനായിരുന്നു. യഞ്ജാചാര്യൻ സ്വാമി ഉദിത് ചൈതന്യ, സ്വാമി നന്ദാമജാനന്ദ, സ്വാമി അയ്യപ്പദാസ്, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ, തൊടുപുഴ ഡിവൈഎസ്പി എം ആർ മധുബാബു, രാമചന്ദ്രൻ കെ മഞ്ഞാങ്കൽ മഠം, അജീവ് പുരുഷോത്തമൻ, വി കെ ബിജു, ജയൻ വി ബി കൗസ്തുഭം, എം ആർ ജയകുമാർ, സിജു വടക്കേമൂഴിക്കൽ , എൻ എൻ ജനാർദ്ദനൻ നായർ, തുടങ്ങിയവർ പ്രസംഗിച്ചു.