![]() |
| പ്രണയയുടെ ഹോം ലൈബ്രറി |
കോട്ടയം: ലോക് ഡൗണ്‍ കാലഘട്ടത്തില്‍ വീടുകളിലേക്ക് ഒതുങ്ങികൂടിയ കുട്ടികളില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറയിലെ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഹോം ലൈബ്രറി എന്ന ആശയം നടപ്പാക്കുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസായ സിസ്റ്റര്‍ സൗമ്യ എഫ്‌സിസി യാണ് ഇത്തരത്തിലൊരു ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. 'അമ്മ വായന..കുഞ്ഞു വായന..കുടുംബ വായന..' എന്നതാണ് സ്‌കൂളിലെ കുട്ടികള്‍ വീട്ടില്‍ ഒരുക്കുന്ന ഹോം ലൈബ്രറിയുടെ മോട്ടോ.
വരുന്ന അധ്യയന വര്‍ഷത്തില്‍ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ഹോം ലൈബ്രറികള്‍ സ്ഥാപിച്ച് സമ്പൂര്‍ണ്ണ ഹോം ലൈബ്രറി വിദ്യാലയമായി മാറ്റുകയാണ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായ അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ ലക്ഷ്യം. ഇതിലൂടെ കുട്ടികളില്‍ വായനാശീലം വളര്‍ത്താനാകും. കുട്ടികള്‍ പുസ്തകങ്ങളെ സ്‌നേഹിച്ചു തുടങ്ങുമെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ എഫ്‌സിസി പറയുന്നു.
ഹോം ലൈബ്രറിയില്‍ കുറഞ്ഞത് പത്തു പുസ്തകങ്ങളെങ്കിലും വേണം. ഇതിന്റെ തുടക്കമായി ഓരോ കുട്ടിയും ഇപ്പോള്‍ സ്വന്തമായി പുസ്തകങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ശേഖരിക്കുന്ന പുസ്തകത്തിന്റെ പേരിനൊപ്പം ഓരോ പുസ്തകത്തിന്റെയും രചയിതാവ്, വിഭാഗം എന്നിവ നമ്പറിട്ട് ഒരു ബുക്കില്‍ എഴുതി സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വായനാശീലം വളരുന്നതിനൊപ്പം തന്നെ പുസ്തകങ്ങളെയും എഴുത്തുകാരെയും കുറിച്ചുള്ള അറിവും കുട്ടി സ്വന്തമാക്കുമെന്നും ഇവര്‍ പറയുന്നു. കുട്ടികളിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ വായനാശീലമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം.
