ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ കാല്‍നട യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ അതത് സംസ്ഥാന സര്‍ക്കാറുകള്‍ ഉചിതമായ തീരുമാനമെടുക്കണം. റെയില്‍വേ ട്രാക്കില്‍ ആളുകള്‍ കിടന്നാല്‍ കോടതിക്ക് എന്തു ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. കാല്‍നടയായി യാത്ര ചെയ്യുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും കേന്ദ്രം ഒരുക്കണമെന്ന് അഭിഭാഷകനായ അലോക് ശ്രീവാസ്തവ ഹര്‍ജിയില്‍ ആവശ്യപ്പട്ടിരുന്നു. ഇതാണ് കോടതി ഇപ്പോള്‍ തള്ളിയത്.
മഹാരാഷ്ട്രയില്‍ പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികള്‍ ട്രെയിന്‍ ഇടിച്ചു മരിച്ച സംഭവം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കാല്‍നടയായി പോകുന്നവരെ തടയാന്‍ ആകില്ലെന്നും ഇവരെ എങ്ങനെ തടയുമെന്നും കോടതി ചോദിച്ചു. പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ ഇത്തരം ഹരജികള്‍ ഫയല്‍ ചെയ്ത അഭിഭാഷകനെ കോടതി ശകാരിച്ചു.