ദന്തരോഗങ്ങളിലെ പ്രധാന വില്ലന്‍മാരില്‍ ഒന്നാണ് വായ്‌നാറ്റം. ഇത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാര്യകാരണങ്ങള്‍ അറിഞ്ഞ് വേണ്ട വിധത്തില്‍ പ്രതിവിധികള്‍ കണ്ടെത്തിയാല്‍ വായ്‌നാറ്റത്തില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും.
വായ്‌നാറ്റത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം.
• യഥാര്‍ത്ഥത്തിലുള്ള വായ്നാറ്റം
• യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത വായ്നാറ്റം (ഉണ്ടെന്നുള്ള വികലമായ ധാരണ)
• വായ്നാറ്റം ഉണ്ടെന്ന അകാരണമായ ഭയം അഥവാ ഉത്കണ്ഠ
യഥാര്‍ത്ഥത്തിലുള്ള വായ്നാറ്റം തന്നെ വീണ്ടും രണ്ടു തരമുണ്ട്...
നമുക്കെല്ലാവര്‍ക്കും തന്നെ രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുന്ന ഉടനെ ചെറിയ തോതില്‍ വായ്നാറ്റം അനുഭവപ്പെടാറുണ്ട്. ഉറങ്ങുന്ന സമയത്ത് ഉമിനീരിന്റെ പ്രവര്‍ത്തനം കുറയുന്നതു മൂലം വായിലെ കീടാണുക്കളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുകയും തത്ഫലമായി ഉണ്ടാകുന്ന രാസസംയുക്തങ്ങള്‍ വായില്‍ നിന്നുള്ള രൂക്ഷ ഗന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിനെ ശരീരധര്‍മ്മാനുബന്ധമായ വായ്നാറ്റം എന്നു പറയാം.
രണ്ടാമത്തേത് വായിലെയോ, ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ കാരണമുള്ള വായ്നാറ്റമാണ്. ഇതിനെ രോഗനിദാനാനുബന്ധമായ വായ്‌നാറ്റം എന്ന് പറയാം. ആദ്യം നാം പറഞ്ഞ ശരീരധര്‍മ്മാനുബന്ധമായ വായ്‌നാറ്റം നാം ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പാല്‍, പാല്‍ക്കട്ടി, ഐസ്‌ക്രീം, സള്‍ഫര്‍ അടങ്ങിയ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയുടെ ഉപയോഗം ഇതിന് കാരണമാകാറുണ്ട്. അതോടൊപ്പം പുകവലിയും മദ്യപാനവും ഉപവാസം ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവ കാലങ്ങളിലും എല്ലാം ഇത്തരത്തില്‍ വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്.
രോഗനിദാനാനുബന്ധമായ വായ്‌നാറ്റത്തിന് പലതരം കാരണങ്ങളുണ്ട്. ഈ കാരണങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാറുണ്ട്.
1. വായിലെ കാരണങ്ങള്‍
2. മറ്റ് അവയവങ്ങളിലെ അസുഖങ്ങള്‍
വായിലെ കാരണങ്ങള്‍
• ദന്തക്ഷയം
• മോണവിക്കം
• മോണപഴുപ്പ്
• നാവിനെ ബാധിക്കുന്ന പൂപ്പല്‍ബാധ
• ഹെര്‍പ്പിസ് വൈറസ് ബാധമൂലമുണ്ടാകുന്ന ദന്തരോഗങ്ങള്‍
• പല്ലെടുത്ത ഭാഗത്തെ ഉണങ്ങാത്ത മുറിവും പഴുപ്പും.
• കൃത്രിമ ദന്തങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തവരില്‍
• വായിലുണ്ടാകുന്ന വ്രണങ്ങള്‍, മുറിവുകള്‍ എന്നിവ
മറ്റ് അസുഖങ്ങള്‍ കാരണമുണ്ടാവുന്ന വായ്‌നാറ്റവും ഈ സ്ഥിതിവിശേഷത്തില്‍ പ്രധാനമായ പങ്കു വഹിക്കാറുണ്ട്. മൂക്കിലെയും തൊണ്ടയിലെയും അസുഖങ്ങള്‍, സൈനസൈറ്റിസ്, മുക്കിലുള്ള പഴുപ്പ്, ശ്വസനനാളിയിലെ അണുബാധ, ശബ്ദനാളത്തിലെ അണുബാധ, ശബ്ദനാളത്തിലെ അര്‍ബുദം എന്നിവ.
ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍
ശ്വാസകോശത്തിലെ അണുബാധ, പഴുപ്പ്, ശ്വാസംമുട്ട്, ആസ്മ, ക്ഷയരോഗം, ശ്വാസകോശാര്‍ബുദം, ന്യൂമോണിയ തുടങ്ങിയവ.
ഉദരസംബന്ധിയായ രോഗങ്ങള്‍
ഉദരത്തിലെ അണുബാധ, പഴുപ്പ്, ഗ്യാസ്ട്രബിള്‍, ഹെര്‍ണിയ തുടങ്ങിയ അസുഖങ്ങള്‍
പ്രമേഹം
ചീഞ്ഞ പഴത്തിന്റെ ഗന്ധം ഉണ്ടാക്കുന്നു.
കരള്‍ രോഗങ്ങള്‍
വൃക്ക രോഗങ്ങള്‍
മത്സ്യത്തിന്റെ ഗന്ധം വായില്‍ ഉണ്ടാക്കുന്നു
വിഷാദരോഗങ്ങളും മാനസിക സമ്മര്‍ദ്ദത്തിനുള്ള ചില മരുന്നുകളുടെ ഉപയോഗവും കാരണം.
സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങളായ മീഥൈല്‍ മെര്‍ക്യാപ്റ്റന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്, ഡൈമീഥൈല്‍ സള്‍ഫൈഡ് എന്നീ മൂന്നു വാതകങ്ങളാണ് പ്രധാനമായും വായ്‌നാറ്റത്തിന് കാരണമാവുന്നത്. ഇവയെ അസ്ഥിര നൈസര്‍ഗിക സംയുക്തങ്ങള്‍ എന്നു പറയുന്നു.
പല്ലുകളുടെ ഇടയിലും മറ്റും കടന്നുകൂടിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില്‍ അണുക്കളുടെ പ്രവര്‍ത്തന ഫലമായി ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടാകുന്നു. വായിലെ ഉമിനീരിന്റെ തോത് കുറയുന്ന അവസ്ഥയിലും വായിലെ ജീവവായുവിന്റെ അനുപാതം കുറയുന്ന വേളയിലും ഈ പ്രവര്‍ത്തനം ത്വരിതപ്പെടുന്നു.
രോഗനിര്‍ണയം
സ്വയം നിര്‍ണയിക്കാനുള്ള എളുപ്പവിദ്യകള്‍
1. ഒരു കരണ്ടി ഉപയോഗിച്ച് നാവിന്റെ പുറകുവശം ചുരണ്ടിയതിന് ശേഷം ആ കരണ്ടി മണപ്പിച്ചു നോക്കുക.
2. പല്ല് കുത്താനുപയോഗിക്കുന്ന ടൂത്ത്പിക്കോ പല്ലിനിടയിലെ അഴുക്ക് നീക്കം ചെയ്യാനുപയോഗിക്കുന്ന സെന്റല്‍ ഫ്‌ളോസോ പല്ലുകള്‍ക്കിടയില്‍ ഇറക്കിയതിനുശേഷം തിരികെയെടുത്ത് മണപ്പിച്ച് നോക്കുക.
3. ഒരു കരണ്ടിയിലോ കപ്പിലോ ഉമിനീര്‍ തുപ്പിയതിനുശേഷം മണപ്പിച്ചു നോക്കുക.
ന്മ കൈത്തണ്ട നക്കിയതിനു ശേഷം ഉണങ്ങാനായി അല്‍പ്പനേരം കാത്തുനിന്നതിനു ശേഷം മണപ്പിച്ച് നോക്കുക.
ഇത്തരം ലളിതമായ വിദ്യയിലൂടെ ഈ പ്രശ്‌നം രോഗിക്ക് സ്വയം സ്ഥിരീകരിക്കാവുന്നതാണ്. കൂടാതെ അവയവഗ്രാഹണ പരിശോധന, ഹാലിമീറ്റര്‍, ഫേസ് കോണ്‍ട്രാസ്റ്റ് മൈക്രോസ്‌കോപ്പി, ഗ്യാസ് ക്രൊമാറ്റോഗ്രാഫി, ഇലക്ട്രോണിക് നോസ് എന്നിവയിലൂടെയും വായ്‌നാറ്റം സ്ഥിരീകരിക്കാം.
ചികിത്സ
വായിലെ കാരണങ്ങള്‍
1. ദന്തശുചിത്വം ഉറപ്പുവരുത്തുക.
2. ശരിയായ ബ്രഷിങ് രീതി അവലംബിക്കുക, ദിവസേന രണ്ടുനേരം ബ്രഷ് ചെയ്യുക
3. പല്ലിന്റെ ഇടയിലെ അഴുക്ക് ഡെന്റല്‍ ഫ്‌ളോസ് അല്ലെങ്കില്‍ ഇന്റര്‍ ഡെന്റല്‍ ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുക.
4. ബ്രഷിന്റെ പ്രതലമോ ടംങ് ക്ലീനറോ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത് ശീലമാക്കുക. സ്റ്റീല്‍ ടംങ് ക്ലീനര്‍ ഒഴിവാക്കുന്നതാണ് നാവിലെ രസമുകുളങ്ങള്‍ക്ക് നല്ലത്.
5. നാവിന്റെ പുറകുവശം വരെ നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
6. ആറു മാസത്തിലൊരിക്കല്‍ മോണരോഗ വിദഗ്ധനെ കാണുക.
7. പല്ലുകള്‍ അള്‍ട്രാസോണിക് ഉപകരണം ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക.
8. ദന്തക്ഷയം ചികിത്സിച്ച് ഭേദമാക്കുക.
9. വായിലെ പൂപ്പല്‍ ബാധ, മറ്റു വ്രണങ്ങള്‍ എന്നിവയ്ക്കും ആവശ്യമായ ചികിത്സ നേടുക
മറ്റു കാരണങ്ങള്‍ മൂലമുണ്ടാകുന്ന വായ്‌നാറ്റത്തിന്
1. പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തുക.
2. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, മൂക്കിലേയും തൊണ്ടയിലേയും രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ഉദര രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ചികിത്സിക്കുക.
3. ചില മരുന്നുകള്‍ വായ്‌നാറ്റമുണ്ടാക്കിയേക്കാം. ദന്തരോഗവിദഗ്ധന്റെ നിര്‍ദ്ദേശാനുസരണം ചികില്‍സിക്കുന്ന ഡോക്ടറോടു പറഞ്ഞ് പ്രസ്തുത മരുന്നുകള്‍ മാറ്റിവാങ്ങുക.
