രാത്രി 10 മണിക്ക് ശേഷം സർക്കാർ കൊണ്ടുവന്ന നിയന്ത്രണം കേരളത്തിലെ ക്രൈസ്തവർ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന പുതുവർഷാരംഭ പ്രാർത്ഥന തടസ്സപ്പെടുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പുതുവർഷാരംഭം പാതിരാ കുർബാന ഉൾപ്പെടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്. സർക്കാർ ഈ പ്രാർത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങൾക്കും തീർത്ഥാടനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർത്ഥനകൾക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. പല പള്ളികളിലും രാത്രി പത്ത് മണിക്ക് ശേഷം ആണ് പ്രാർത്ഥന നടക്കുന്നത്.