പാലാ : കരൂർ പഞ്ചായത്തിലെ പുറംമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന തടികൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി കരൂർ പഞ്ചായത്ത് പ്രസിഡന്റ് അജി മുട്ടനാൽ അധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് സ്വകാര്യ വ്യക്തികൾ പുറംമ്പോക്ക് ഭൂമിയിൽ നിന്നും തടികൾ മുറിച്ചു കടത്താൻ ശ്രമിക്കുന്നതെന്നും അതിനെതിരെ ശക്തമായ സമരങ്ങളുമായി ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ യോഗത്തിൽ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, ന്യൂനപക്ഷമോർച്ച ദേശീയ നിർവ്വാഹകസമിതിയംഗം സുമിത്ത് ജോർജ്ജ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ഗിരിജ ജയൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് മിനി അനിൽ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് സനീഷ് ഗോപിനാഥ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രവീൺ അന്തീനാട് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹേഷ് ബി.നായർ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബിനു കെ.ആർ., ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മൈക്കിൾ ഓടയ്ക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പുറംമ്പോക്ക് ഭൂമിയിൽ നിന്നും തടികൾ മുറിച്ചു കടത്താനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമം ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു.