മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
നേരത്തെ, മധു വധക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. പല സാക്ഷികളും കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നീക്കം ആരംഭിച്ചത്.
പ്രതികളിലൊരാള്‍ 63 തവണ സാക്ഷികളെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കം ഹാജരാക്കി, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
മധു വധക്കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ 12 പേര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. 2018 മെയ് മാസത്തില്‍ ഹൈക്കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാല്‍ പ്രതികള്‍ ഈ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.