Hot Posts

6/recent/ticker-posts

ശബരിമലയിലെ ചില്ലറ തുട്ടുകൾ എണ്ണി തീർന്നില്ല; എണ്ണാനുള്ളത് 15-20 കോടിയോളം രൂപയുടെ നാണയങ്ങൾ

പ്രതീകാത്മക ചിത്രം

ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ രണ്ട് മാസത്തോളമായി എണ്ണാന്‍ തുടങ്ങിയിട്ടും എണ്ണിത്തീര്‍ക്കാനാവാതെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. 69 ദിവസമായി അറുനൂറിലധികം ജീവനക്കാരാണ് തുടര്‍ച്ചയായി നാണയം എണ്ണുന്നത്.


എണ്ണിതീരാതെ അതാത് സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.


ശബരിമലയില്‍ ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇത് വരുമാനത്തിലും പ്രതിഫലിച്ചു. ശബരിമല നടയടച്ചെങ്കിലും കാണിക്കായായി ലഭിച്ച പണം എണ്ണി തീരാനാകാതെ ജീവനക്കാര്‍ക്ക് തിരിച്ചു വരാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ്. 


ഇത് നാട്ടിലെ ക്ഷേത്ര ഭരണത്തേയും ബാധിച്ചിട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെ പലരേയും പ്രത്യേക ജോലിയായി ശബരിമലയിലേക്ക് അയയ്ക്കുകയായിരുന്നു.


ഇപ്പോള്‍ നാട്ടിലെ പല ക്ഷേത്രങ്ങളിലും ഉത്സവമാണ്. അതിനാല്‍ ജീവനക്കാര്‍ തിരിച്ചെത്താത്തത് ഈ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. ഈ ക്ഷേത്രങ്ങള്‍ ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണു തീര്‍ന്നത്. 



ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസം കൂടിയെടുക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു.

പമ്പ, എരുമേലി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെയാണ് നാണയമെണ്ണാനായി നിയോഗിച്ചിട്ടുള്ളത്. മകരവിളക്ക് കഴിഞ്ഞും കാണിക്കയെണ്ണുന്നതുംകൂടി കണക്കാക്കി 20 വരെയാണ് ഡ്യൂട്ടി നിശ്ചയിച്ചത്. 

കാണിക്ക എണ്ണി തീരാത്തതിനാല്‍ ഇത് നീട്ടിക്കൊടുത്തിരിക്കുകയാണ്. കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നു കണക്കാക്കുന്നു.

രാവിലെ മുതല്‍ ഒമ്പതുമണിക്കൂര്‍ തുടര്‍ച്ചയായാണ് നാണയമെണ്ണുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിട്ട ശേഷം ഇത് അന്നദാന മണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുകയും ചെയ്യും.

നാണയം തൂക്കി വില്‍ക്കുന്നത് സംബന്ധിച്ച് ആദ്യം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരേ മൂല്യമുള്ള നാണയംപോലും പല ഭാരത്തിലുള്ളതായതിനാല്‍ തൂക്കിയെടുക്കുന്നത് ദേവസ്വത്തിന് നഷ്ടമുണ്ടാക്കും. അതിനാല്‍ എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു. എണ്ണി തീര്‍ത്ത ശേഷം 2000 രൂപയുടെ വീതം നാണയങ്ങള്‍ ബാഗില്‍ നിറച്ച് ബാങ്കിന് കൈമാറാനാണ് തീരുമാനം.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും