പാചകം അധികം വശമില്ലാത്തവർക്കു പോലും വളരെ സിംപിളായി തയാറാക്കാവുന്നതാണ് മോരു കാച്ചിയത്. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്നതും ആരോഗ്യകരവുമായ ഒന്നാണിത്. സാധാരണ രീതിയിൽ നിന്നും അല്പം വ്യത്യസ്തമായി ഔഷധ മൂല്യമുള്ള മോരു കാച്ചാം.
ചേരുവകൾ
∙ഇഞ്ചി – ഒരു ചെറിയ കഷണം
∙ചുക്ക് – ഒരു ചെറിയ കഷണം
∙കടുക് – കാൽ ടീസ്പൂൺ
∙ജീരകം – കാൽ ടീസ്പൂൺ
∙പച്ചമുളക് –രണ്ടെണ്ണം
∙ഉണക്കമുളക് – ഒന്ന്
∙മഞ്ഞൾ പൊടി – ഒരു കാൽ ടീസ്പൂൺ
∙കുരുമുളകുപൊടി – കാൽ ടീസ്പൂൺ
∙ജീരക പൊടി – കാൽ ടീസ്പൂൺ
∙ഉലുവ പൊടി – ഒരു കാൽ ടീസ്പൂൺ
∙ഉപ്പ് – ആവശ്യത്തിന്
∙കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്ക് കടുക്, ജീരകം, ഉലുവ, പച്ചമുളക്, ഇഞ്ചി, ചുക്ക്, കറിവേപ്പില, ഉണക്കമുളക്, കുറച്ചു മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, കുരുമുളകുപൊടി, ഉലുവ പൊടി, ജീരകപ്പൊടി എന്നീ ചേരുവകൾ എല്ലാം ചേർത്ത് ഒന്നു വഴറ്റുക.
ഇനി അതിലേക്ക് അധികം കട്ടിയില്ലാത്ത തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് ചെറുതായി ചൂടാക്കുക. തിളച്ചു പോകാതെ നോക്കണം. ഞൊടിയിടയിൽ നല്ല ഔഷധ മൂല്യമുള്ള മോര് കാച്ചിയത് റെഡി.