സിനിമകളിലും ടെലിവിഷൻ ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരൻ കൊല്ലം സുധിയുടെ മരണവാർത്ത ഞെട്ടലോടെയാണ് മലയാളികൾ ഉൾക്കൊണ്ടത്. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. 
അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.  അപകടത്തിൽപ്പെട്ടത് ചലച്ചിത്ര താരങ്ങൾ ഉൾപ്പെട്ട സംഘമാണെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവർ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉടൻതന്നെ കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോൾ സുധി അബോധാവസ്ഥയിലായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് കൊല്ലം സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വടകരയിൽനിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും ഇന്നലെ വടകരയിലെത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂർത്തിയായത്. 







