തീക്കോയി: ഈരാറ്റുപേട്ട-വാഗമൺ റോഡിൻറെ ഉദ്ഘാടനമാമാങ്കം രാഷ്ട്രീയ പ്രഹസനമാണെന്ന് തീക്കോയി യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. 2022 ഫെബ്രുവരി മാസം 25-ാം തിയതി ഈരാറ്റുപേട്ട നടക്കലിൽ നിർമ്മാണം ഉദ്ഘാടനം നടത്തിയിട്ടു 15 മാസം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിക്കാതെയാണ് ഇപ്പോൾ ജൂൺ ഏഴിന് റോഡിൻറെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
റോഡിൻറെ സൈഡ് കോൺക്രീറ്റിംഗ്, അടഞ്ഞുകിടക്കുന്ന ഏഴോളം കലുങ്കുകൾ ,വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയാണ് ഇപ്പോൾ ധ്യതിപിടിച്ചു റോഡിൻറെ ഉദ്ഘാടനം നടത്തപ്പെടുന്നത്. തീക്കോയി മുതൽ വാഗമൺ വരെ റോഡിന് ആവശ്യമായ വീതിയില്ലാത്തതുകൊണ്ട് ഇപ്പോൾ അപകടങ്ങൾ നിത്യ സംഭവമാണ്.
ആനിയിളപ്പു മുതൽ വാഗമൺ വരെ ഉള്ള 21 കിലോമീറ്ററിൽ 12 കിലോമീറ്റർ അധികം ദൂരത്തിൽ തീക്കോയി ടൗൺ ഉൾപ്പെടെയുള്ള ഭാഗം സൈഡ് കോൺക്രീറ്റിംഗ് നടന്നിട്ടില്ല.സൈഡ് കോൺക്രീറ്റിംഗ് പൂർത്തിയാകാത്തതു കൊണ്ട് രണ്ടു വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുവാൻ സാധിക്കുന്നില്ല.മാത്രവുമല്ല റോഡിൻറെ നിലനിൽപ്പിന് തന്നെ സൈഡ് കോൺക്രീറ്റിംഗ് വളരെ അനിവാര്യമാണ്.
ശക്തമായ മഴമൂലം ഓടകളിൽ വലിയതോതിൽ വെള്ളം ഒഴുക്കുള്ള പ്രദേശമാണ് ഇവിടം.ഓടകളിലെ വെള്ളം ഒഴുക്ക് ക്രമപ്പെടുത്താതുകൊണ്ട് റോഡ് സൈഡിലെ പല വീടുകൾക്കും ഭീഷണിയുണ്ട്.
ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ധൃതി പിടിച്ചു എന്തിനാണ് ഇപ്പോൾ ഉദ്ഘാടനം നടത്തുന്നതെന്ന് സ്ഥലം എം.എൽ.എ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.









