തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം. സ്ഥാനാർഥി നിർണയത്തിൽ ഒരു പേരുമാത്രമാണ് ഉയർന്നുവന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ. കെപിസിസി അംഗവുമാണ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരുന്ന ചാണ്ടി ഉമ്മൻ, ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയം പങ്കെടുത്തിരുന്നു.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ, ഡൽഹി സർവകലാശാലയിൽനിന്നു ക്രിമിനോളജി, കോൺസ്റ്റിറ്റ്യൂഷൻ ആന്‍ഡ് അഡ്മിനിസ്ട്രേഷനിൽ നിയമ ബിരുദം നേടി. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽനിന്ന് രണ്ട് സമ്മർ കോഴ്സുകളും നേടിയിട്ടുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കൊപ്പം തന്നെ രാഷ്ട്രീയവും ചർച്ചയാകുന്ന തിരഞ്ഞെടുപ്പാകും ഇതെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
53 വർഷം ഉമ്മൻ ചാണ്ടിയെ അജയ്യനായി വാഴിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ ആദ്യമായി പോരിനിറങ്ങുകയാണ്, എന്നും പിതാവിനൊപ്പം നിന്ന പുതുപ്പള്ളി തന്നെയും പിന്തുണയ്ക്കുമെന്ന വിശ്വാസത്തോടെ.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന മൂന്നു മണിക്കൂറിനുള്ളിൽ ചാണ്ടി ഉമ്മനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോഴും മറ്റൊന്നും മനസ്സിൽ കണ്ടുകാണില്ല. സഹതാപ തരംഗമല്ല രാഷ്ട്രീയമാണു തിരഞ്ഞെടുപ്പിൽ ചർച്ചയാകുക എന്നാണ് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. ‘ഇതൊരു രാഷ്ട്രീയ പോരാട്ടം കൂടിയാണെ’ന്ന് ചാണ്ടി ഉമ്മനും പറഞ്ഞുവയ്ക്കുന്നു.