Hot Posts

6/recent/ticker-posts

'ഹലോ റാംജി റാവു സ്പീക്കിംഗ്'- വില്ലൻ, ചിരിച്ച് മറിഞ്ഞ് പ്രേക്ഷകര്‍; പരാജയങ്ങള്‍ അറിയാതെ ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകൻ


ഒരു കാലത്ത് പരാജയങ്ങള്‍ അറിയതെ ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിൽ ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിഗ്, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയവ ശരിക്കും ആക്കാലത്തെ മലയാളത്തിലെ മെഗാഹിറ്റുകളായി. പിന്നീട് ഈ കൂട്ട്കെട്ട് പിരിഞ്ഞ ശേഷം ഫ്രണ്ട്സ്, ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ് തുടങ്ങിയ ജനപ്രിയ സിനിമകളും സിദ്ദിഖ് ചെയ്തു.


തന്‍റെ ചലച്ചിത്ര ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട് സിദ്ദിഖിന്‍റെ കരിയറില്‍. അവസാനം ഇറങ്ങിയ ബിഗ് ബ്രദര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ എല്ലാം എതിര്‍ത്ത് തന്‍റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന സിദ്ദിഖ് ചെയ്തത്. തന്‍റെ തലമുറയുടെ സിനിമ ബോധത്തെയും ക്രിയാത്മകതയെയും ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളെ ആ ഘട്ടത്തില്‍ സിദ്ദിഖ് തുറന്ന് എതിര്‍ത്തിട്ടുണ്ട്.


80 കളുടെ അവാസനത്തോടെ മലയാളത്തിലെ പുതിയ തലമുറയായി എത്തിയ സിദ്ദിഖിന് എന്നാല്‍ 2010ന് ശേഷം മലയാളത്തിലുണ്ടായ നവ സിനിമയെക്കുറിച്ചും സിനിമാ പ്രവർത്തകരെക്കുറിച്ചും വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. സിനിമകളിലെ മാറ്റത്തെക്കുറിച്ചും പുതുതലമുറയിലെ ചില ഫിലിം മേക്കർസിന്റെ മനോഭാവത്തെക്കുറിച്ചും സിദ്ദിഖ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.



അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് മലയാള സിനിമയിലെ മാറ്റം സിദ്ദിഖ് നന്നായി നിരീക്ഷിച്ചിരുന്നു എന്നതിന് ഉദാഹരണമാണ്.

“മലയാള സിനിമയിൽ ഇന്ന് നിരവധി മികച്ച സംവിധായകർ ഉണ്ട്. പലരുടെയും സിനിമ കാണുമ്പോൾ മതിപ്പും ബഹുമാനവും തോന്നാറുണ്ട്. പക്ഷെ വളരെ അപൂർവം പേരെ ഹ്യൂമർ നന്നായി കൈകാര്യം ചെയ്യുന്നുള്ളൂ. ആക്ഷനൊക്കെ വളരെ ഗംഭീരമായി എടുക്കുന്ന സംവിധായകർ ഉണ്ട്. ഹോം എന്ന സിനിമ ഞാൻ നാല് പ്രാവശ്യം കണ്ടു. ആദ്യം ഞാനതിൽ മുഴുകിയിരുന്നു പോയി, രണ്ടാമത് എന്താണ് അതിലെ മാജിക് എന്നറിയാൻ പോയി. അപ്പോഴും ഞാനറിയാതെ അതിൽ ഇൻവോൾവ് ചെയ്ത് പോയി. പിന്നെയാണ് ഞാൻ ഓരോ സീനും എടുത്ത് വെച്ച് നിരീക്ഷിച്ചത്.


നായാട്ട് എന്ന സിനിമയും. ആ സിനിമ കഴിഞ്ഞിട്ടും സിനിമയിൽ നിന്ന് പുറത്ത് വരാൻ പറ്റാത്ത വിധത്തിൽ നമ്മളെയെങ്ങനെ കൂടെക്കൊണ്ട് പോവുന്ന സിനിമയാണ്. മിന്നൽ മുരളി ഭയങ്കര രസമുള്ള സിനിമയാണ്" - അടുത്തകാലത്തിറങ്ങിയ ചില ചിത്രങ്ങളെ സിദ്ദിഖ് നിരീക്ഷിച്ചത് ഇങ്ങനെയാണ്.



അതേ സമയം പുതിയ തലമുറ സിനിമ പ്രവര്‍ത്തകരെക്കുറിച്ചും സിദ്ദിഖ് നിരീക്ഷണം നടത്തിയിട്ടുണ്ട്, "മമ്മൂട്ടിയും ലാലും ഉൾപ്പെടയുള്ള തലമുറ വളരെ വ്യത്യസ്തരായ സംവിധായകരുടെയും കഥാകൃത്തുകളുടെയും സിനിമകള്‍ ചെയ്തിരുന്നു. എന്നാല്‍ പുതിയ തലമുറ ഒതുങ്ങുന്നു. അവർ അവരുടേതാതായ സർക്കിളിൽ നിന്നു കൊണ്ട് ഒതുങ്ങി ചിത്രങ്ങള്‍ ചെയ്യുകയാണ്. അത് അവരുടെ കരിയറിന് ദൂഷ്യം ചെയ്യും. അവർക്ക് പുറത്ത് വരാൻ പാടാവുന്ന വിധത്തിൽ ഒതുങ്ങിപ്പോകാന്‍ ഇടയാക്കുന്നു ഇത്"


തന്‍റെ അവസാനത്തെ മൂന്ന് ചിത്രങ്ങളുടെ പരാജയത്തെ സിദ്ദിഖ് ഇതേ അഭിമുഖത്തില്‍ തന്‍റെ ചിത്രങ്ങളില്‍ സ്ഥിരം വരുന്ന തമാശയുടെ അഭാവം വച്ചാണ് സിദ്ദിഖ് വിലയിരുത്തുന്നത്. "തമാശ എന്റെ സിനിമയിൽ നിന്നും പൂർണമായും മാറ്റി വെക്കാൻ പറ്റില്ല. കാരണം തമാശ എന്നോടൊപ്പം ഉള്ളതാണ്.എന്റെ എല്ലാ സിനിമയിലും തമാശ ഉണ്ടെങ്കിലും അതെല്ലാം വ്യത്യസ്തമാണ്. തമാശകൾ വളരെ കുറഞ്ഞ സിനിമകൾ ഉണ്ടാക്കിയിട്ടുണ്ട്. ലേഡീസ് ആന്റ് ജെന്റിൽമാൻ,ബിഗ് ബ്രദർ, ഫുക്രി പോലുള്ള സിനിമകളിലൊക്കെ തമാശ വളരെ കുറവാണ്. ആ സിനിമകളുടെ സ്വീകാര്യതയും കുറഞ്ഞിട്ടുണ്ട്" - സിദ്ദിഖ് വിലയിരുത്തുന്നു.



അത്രയും ആഴത്തില്‍‌ മലയാള സിനിമയെ അടുത്തു കാണുന്ന ഒരു സംവിധായകന്‍ നമ്മെ വിട്ട് പിരിയുമ്പോള്‍ രണ്ട് കാലത്തെ ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്ന ഒരു പ്രതിഭ കൂടിയാണ് വിടവാങ്ങുന്നത്.

നായകൻ ഒരു വാഹനാപകടത്തില്‍ മരണപ്പെടുന്നു. കാലപുരിയിൽ എത്തിയപ്പോഴാണ് യമൻ ആ സത്യം തിരിച്ചറിഞ്ഞത്, യഥാര്‍ഥത്തില്‍ ആ സമയം മരിക്കേണ്ടത് നായകനായിരുന്നില്ല. പപ്പന് കുറച്ചുനാൾ കൂടി ആയുസുണ്ടെന്ന് തിരിച്ചറിഞ്ഞ യമൻ (തിലകൻ), മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിച്ച് ജീവിക്കുവാൻ പപ്പന് അനുമതി നൽകുന്ന കഥ... ഇന്ന് ഇറങ്ങിയിരുന്നെങ്കില്‍ സൂപ്പര്‍ ഹിറ്റ് ആകുമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്ന ഒരു കഥ ലാലിനൊപ്പം ചേര്‍ന്ന് 1986 എഴുതിയ അതുല്യ പ്രതിഭയുടെ പേരാണ് സിദ്ദിഖ്. കാലം തെറ്റി പിറന്ന ആ സിനിമ അന്ന് വലിയ വിജയം ഒന്നും ആയില്ലെങ്കിലും ഇന്നും ടി വി പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുണ്ട്.

 
അന്നത്തെ ന്യൂജെൻ എന്ന വിശേഷിപ്പിക്കാവുന്ന ആ കഥ എഴുതിയവരുടെ സുവര്‍ണ കാലമായിരുന്നു പിന്നീട് മലയാള സിനിമയില്‍. മോഹൻലാല്‍ - ശ്രീനിവാസൻ - സത്യൻ അന്തിക്കാട് ടീമിന്‍റെ എവര്‍ഗ്രീൻ സൃഷ്ടിയായ നാടോടിക്കാറ്റിന്‍റെ കഥയ്ക്ക് പിന്നിലും ആ കൂട്ടുക്കെട്ട് ഉണ്ടായിരുന്നു എന്നുള്ളത് പലരും പലപ്പോഴും മറക്കുന്ന കാര്യമാണ്. പിന്നീടുള്ള വര്‍ഷങ്ങള്‍ സിദ്ദിഖ് - ലാല്‍ കൂട്ടിന്‍റെ ചിരിയില്‍ മലയാളികള്‍ ആറാടി.



'ഹലോ റാംജി റാവു സ്പീക്കിംഗ്' എന്ന് വില്ലൻ പറയുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ച് മറിഞ്ഞു. തോമസൂട്ടിയെ വിട്ടോടാ എന്ന് പറഞ്ഞ് നാല് ചെറുപ്പക്കാര്‍ പരക്കം പായുമ്പോള്‍ കൂടെ മലയാളികളും ചിരിച്ചോടി. ഇവിടെ തെളിയാനേ പനിനീര് എന്ന് ആനപ്പാറ അച്ചാമയും കയറി വാടാ മക്കളെ കയറി വാ എന്ന് അഞ്ഞൂറാനും പറഞ്ഞപ്പോള്‍ നര്‍മ്മത്തിനൊപ്പം അല്‍പ്പം കണ്ണീര് പൊടിഞ്ഞു. ഇതിലും വലുത് ചാടികടന്നവനാണീ കെ കെ ജോസഫ് എന്ന് പറഞ്ഞ് ഇന്നസെന്‍റ്  പടിക്കെട്ടില്‍ നിന്ന് താഴെ വീണപ്പോൾ, മലയാള സിനിമയുടെ സുവര്‍ണ പടിക്കെട്ടുകള്‍ വളരെ വേഗം കയറി പോവുകയായിരുന്നു സിദ്ദിഖ് - ലാല്‍ കൂട്ടുക്കെട്ട്.


ചിരിപ്പടക്കത്തിനൊപ്പം കന്നാസിനെയും കടലാസിനെയും കൊണ്ട് മലയാളികളുടെ നെഞ്ചിലൊരു നീറ്റല്‍ സൃഷ്ടിക്കാനും അവര്‍ക്ക് സാധിച്ചു. മമ്മൂട്ടിയെ ഹിറ്റ്ലര്‍ മാധവൻകുട്ടിയായും സത്യപ്രതാപനായും അഭ്രപാളിയിലെത്തിച്ച് വിജയങ്ങള്‍ ആവര്‍ത്തിക്കാനും സിദ്ദിഖിന് സാധിച്ചു. പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ... പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ എന്ന് പാടിക്കൊണ്ട് ജയറാമും മുകേഷും ശ്രീനിവാസനും ആടിപ്പാടിയപ്പോൾ ഒരു യുവതലമുറ അതേറ്റു പാടി, ആടി. കാലത്തിന്‍റെ മാറ്റങ്ങളില്‍ ഒന്നിടറിയെങ്കിലും ദിലീപിനെ അശോകേട്ടന്‍റെ ബോഡ‍ി ഗാര്‍ഡ് ആക്കി ചിരിച്ചും പ്രണയിപ്പിച്ചും റാസ്ക്കലായ അച്ഛനായി മമ്മൂട്ടിയെ കൊണ്ട് തകര്‍ത്താടിച്ചും ഹിറ്റ്ചാര്‍ട്ടുകളില്‍ സിദ്ദിഖ് വീണ്ടും തന്‍റെ പേര് എഴുതി ചേര്‍ത്തിരുന്നു. 

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും