Hot Posts

6/recent/ticker-posts

വെള്ളം നിറയ്ക്കാൻ സംവിധാനമില്ലാതെ കോട്ടയം റെയിൽവേ സ്റ്റേഷൻ; പുതിയ ട്രെയിനുകൾ വൈകുന്നു


കോട്ടയം: ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതിയ കുരുക്ക്. രണ്ടു പ്ലാറ്റ്ഫോമുകളിൽ ട്രെയിനിൽ വെള്ളം നിറയ്ക്കാൻ സംവിധാനമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു പുതിയ ട്രെയിനുകൾ വൈകിക്കുന്നത്. അടുത്തിടെ ലഭിക്കുമായിരുന്ന ദീപാവലി സ്പെഷൽ വന്ദേഭാരത് എക്സ്പ്രസ് മുടങ്ങിയതിന്റെ ഒരു കാരണവും ഇതാണ്. 

മണ്ഡല – മകര വിളക്ക് സീസണായതോടെ ഒട്ടേറെ ശബരിമല സ്പെഷൽ ട്രെയിനുകൾ കോട്ടയത്തേക്ക് എത്താൻ സാധ്യതയുണ്ട്. അവയ്ക്ക് സൗകര്യം ഒരുക്കണമെങ്കിലും അടിയന്തരമായി 2 പ്ലാറ്റ്ഫോമുകളിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം ഉണ്ടാക്കണം. 1 എ മുതൽ 5 വരെ 6 പ്ലാറ്റ്ഫോമുകളാണു കോട്ടയത്തുള്ളത്. ഇതിൽ 1 എ, 5 പ്ലാറ്റ്ഫോമുകളിലാണു വെള്ളം നിറയ്ക്കാൻ സംവിധാനം ഇല്ലാത്തത്.


മെയിൻ ലൈനിലുള്ള 1, 2 പ്ലാറ്റ്ഫോമുകളിലെ പാളങ്ങൾ വഴിയാണു ട്രെയിനുകളുടെ സ്ഥിരം സർവീസ് നടക്കുന്നത്. കോട്ടയത്ത് സർവീസ് അവസാനിപ്പിക്കുന്ന കോട്ടയം–എറണാകുളം എക്സ്പ്രസ് സ്പെഷൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.20 വരെ മൂന്നാമത്തെയോ നാലാമത്തേയോ പ്ലാറ്റ്ഫോമിൽ നിർത്തിയിടും. ഇതോടെ വെള്ളം നിറയ്ക്കാൻ സൗകര്യമുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണു കോട്ടയത്തു പകൽ ഒഴിവുള്ളത്.


പ്ലാറ്റ്ഫോം അഞ്ചിലോ 1 എയിലോ നിർത്തുന്ന ട്രെയിനുകൾ വെള്ളം നിറയ്ക്കണമെങ്കിൽ ഷണ്ട് ചെയ്ത് ഒഴിവുള്ള പ്ലാറ്റ്ഫോമിലേക്ക് മാറ്റണം. ഒന്നിലധികം ട്രെയിനുകൾ ശബരിമല സീസണിൽ എത്തുമ്പോൾ ഷണ്ടിങ് എളുപ്പമാകില്ല. പൈപ്പ് ലൈൻ ഇല്ലാത്ത 2 പ്ലാറ്റ്ഫോമുകളിൽ അത് സ്ഥാപിക്കുകയാണ് പ്രശ്ന പരിഹാരം.


വന്ദേഭാരത് സർവീസ് കാസർകോട് നിന്ന് തുടങ്ങാനായി റെക്കോർഡ് സമയത്തിനുള്ളിലാണു താൽക്കാലിക പൈപ്‌ലൈൻ അവിടെ സ്ഥാപിച്ചത്. ട്രെയിൻ ശുചീകരണത്തിനു കൂടുതൽ ജെറ്റ് പമ്പുകളും കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരുക്കണം. ആവശ്യത്തിനു വെള്ളം എത്തിക്കാനുള്ള സംവിധാനം ഇപ്പോൾ തന്നെ കോട്ടയം സ്റ്റേഷനിലുണ്ട്. ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്തെ കിണർ, മീനച്ചിലാറ്റിന്റെ തീരത്തു റെയിൽവേയ്ക്കു മാത്രമുള്ള കിണർ, ജല അതോറിറ്റി നൽകുന്ന വെള്ളം എന്നിവ സ്റ്റേഷനിൽ ലഭിക്കുന്നുണ്ട്. 4 ലക്ഷം ലീറ്റർ വെള്ളം സൂക്ഷിക്കാൻ സാധിക്കുന്ന ജല സംഭരണികളും സ്റ്റേഷനിലുണ്ട്. എന്നാൽ ഇത് കൃത്യമായി പ്രയോജനപ്പെടുത്താതെ കൂടുതൽ ട്രെയിനുകൾ കോട്ടയത്ത് എത്തിക്കാൻ കഴിയില്ല.

Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു