Hot Posts

6/recent/ticker-posts

മനുഷ്യനാണത്രേ മനുഷ്യൻ


നിലമ്പൂർ : സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാട്ടുപന്നിക്ക് വെച്ച കെണിയിൽ കാട്ടാനക്ക് ദാരുണാന്ത്യം. പൈനാപ്പിളിൽ സ്ഫോടക വസ്തു നിറച്ച കെണിയിൽ അകപ്പെട്ട ഗർഭിണിയായ കാട്ടാനയാണ് ചെരിഞ്ഞത്. പൈനാപ്പിൾ കഴിച്ച കാട്ടാനയുടെ മുഖം തകർന്നിരുന്നു. വായ്ക്കും നാക്കിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വേദനയോടെ ഗ്രാമത്തിലൂടെ ഓടിയ ആന അവസാനം വെള്ളിയാർ പുഴയിലാണ് അല്പം ആശ്വാസം കണ്ടെത്തിയത്. വേദനയ്ക്കൊരു ശമനം എന്ന നിലയ്ക്ക് പുഴയിൽ സ്ഥാനമുറപ്പിച്ചു. കാട്ടിൽ നിന്ന് ഭക്ഷണം തേടിയാണ് ആന നാട്ടിലെത്തിയത്.  ആനയെ രക്ഷിക്കാൻ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.



ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 15 വയസ്സോളം പ്രായമുള്ള ആന ഗർഭിണിയായിരുന്നു എന്നും പോസ്റ്റുമോർട്ടത്തിൽ പറയുന്നു. മെയ് 27നാണ് സ്ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ ഭക്ഷിച്ചതിനെ തുടർന്ന് കാട്ടാന ചെരിഞ്ഞത്. സ്ഫോടകത്തിൽ നാക്കും വായും ഗുരുതരമായി പരിക്കേറ്റ കാട്ടാന ഏറെ ദിവസങ്ങൾ പട്ടിണി കിടന്നലഞ്ഞ ശേഷമാണ് ചെരിഞ്ഞത്.




സംഭവത്തെ കുറിച്ച് നിലമ്പൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹൻ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :

മാപ്പ്... സഹോദരീ .. മാപ്പ് ...
അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ സ്നേഹ പരിലാളനകൾക്ക് അവൾ പാത്രമായത് .തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർ ത്തായിരിക്കും.
പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവൾ തകർത്തില്ല. അതാ തുടക്കത്തിൽ അവൾ നന്മയുള്ളവളാണ് എന്ന് ഞാൻ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.
ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗ്ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..RRT ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പക്ഷെ അവൾക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു.കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.
ഇനി അവൾക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകണം. അതിനായി അവളെ ലോറിയിൽ കയറ്റി വനത്തിനുള്ളിൽ എത്തിച്ചു. ബാല്യ കൗമാരങ്ങളിൽ ഓടികളിച്ച മണ്ണിൽ വിറങ്ങലിച്ച് അവൾ കിടന്നു.
ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.
ഞാൻ നിർത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാൻ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ .... സഹോദരീ ..... മാപ്പ്









.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു