കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിക്കും. ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം ഉണ്ടായിരിക്കുക. കേരളത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്തെ 4200 അധികം വരുന്ന ട്രോളിംഗ് ബോട്ടുകള്‍ക്ക് നിരോധനം ബാധകമാണ്. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും.
അതേസമയം ,എറണാകുളം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ടുപോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിങ് നിരോധന കാലയളവില്‍ അടച്ചിടും.
മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ല.
