കോട്ടയം: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോട്ടയം നട്ടാശേരിയില്‍ നടക്കുന്ന പ്രതിഷേധത്തിനു നേതൃത്വം നല്‍കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പൊലീസുകാര്‍ ജനപക്ഷത്തു നില്‍ക്കണമെന്നും നാട്ടുകാരെ ഉപദ്രവിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണ് സര്‍വേയ്‌ക്കെത്തുന്നത്. രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ സ്വന്തം കിടപ്പാടത്തിനായി പ്രതിഷേധിക്കാനെത്തുന്നത്.
ഈ പാവങ്ങള്‍ നല്‍കുന്ന നികുതി കൊണ്ടാണ് ഉദ്യോഗസ്ഥന്മാര്‍ക്കു ശമ്പളം കൊടുക്കുന്നത്. പാവങ്ങളെ ഉപദ്രവിക്കാതെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്നു പോകണം. യാതൊരു ഉത്തരവും ഇല്ലാതെ വീടുകളുടെ അടുക്കളയില്‍ വരെ കല്ലിടുകയാണ്.
ഇവിടെ താഴെ ഒരു കല്ലിട്ടെന്നാണ് കേട്ടത്. അത് സാരമില്ല. നിങ്ങള്‍ എല്ലാവരും കൂടെ അതെടുത്തു കളഞ്ഞാല്‍ മതി. കല്ലിന് ഹൃദയമില്ലല്ലോ. കല്ലിനേക്കാള്‍ കടുപ്പമുള്ള ഹൃദയമുള്ളവരാണു തിരുവനന്തപുരത്തിരുന്ന് ഉത്തരവിടുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.