കോട്ടയം: രോഗിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍ പിടിയില്‍. സര്‍ജനായ കൊല്ലം പത്തനാപുരം ചെളികുഴി മൂത്താന്‍കഴിയത്ത് ഡോ.എം.എസ്. സുജിത് കുമാറി(48)നെയാണ് കോട്ടയത്തെ വിജിലന്‍സ് സംഘം പിടികൂടിയത്.
മുണ്ടക്കയം സ്വദേശിയായ രോഗിയുടെ ഹെര്‍ണിയ ഓപ്പറേഷനുവേണ്ടി 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു നടപടി.
ഇക്കഴിഞ്ഞ 15 ന് ഡോ.സുജിത് രോഗിയെ വീട്ടില്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുന്ന മുറിയിലേക്കു വിളിച്ചുവരുത്തി ഓപ്പറേഷനുവേണ്ടി അഡ്‌മിറ്റ് ചെയ്യുന്ന കാര്യം പറഞ്ഞു. 16 ന് 2000 രൂപ ഇതിനായി കൈക്കൂലി വാങ്ങി.
18 ന് ഓപ്പറേഷന്‍ നടത്തിയശഷം 20 ന് രോഗിയുടെ മകനോട് 3000 രൂപകൂടി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ കോട്ടയം വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ് സംഘം ഡോക്‌ടറെ നിരീക്ഷിച്ചു വരികയായിരുന്നു.








