കോട്ടയം: കോട്ടയത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം തിരുവാതുക്കൽ കല്ലുപുരയ്ക്കലിൽ 5 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വൈക്കം ചെമ്പിൽ നിരവധിപ്പേരെ കടിച്ച തെരുവ്നായക്ക് പേവിഷബാധയുണ്ടെന്നു പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചു.
വൈക്കം മേഖലയ്ക്ക് പിന്നാലെ കോട്ടയം നഗരത്തിലും തെരുവ് നായ ആക്രമണം രൂക്ഷമായിരിക്കുകയാണ്. തിരുവാതുക്കൽ കല്ലുപുരയ്ക്കലിൽ കടിയേറ്റവരിൽ രണ്ടു പെൺകുട്ടികളുമുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഈ തെരുവ് നായ ആളുകളെ കടിച്ച ശേഷം എവിടേക്ക് പോയി എന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ വളർത്തു മൃഗങ്ങളെയും തെരുവ് നായ കടിച്ചിട്ടുണ്ട്. നഗരസഭയുടെ 26, 45 , 46 വാർഡുകളിൽ ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.








