പാലാ റിവർവ്യൂ റോഡ് ടാറിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തിൽ പാലാ പിഡബ്ല്യുഡി ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി.പാലാ സ്റ്റേഡിയം ജംഗ്ഷൻ മുതൽ ജനറലാശുപത്രി ജംഗ്ഷൻ വരെ നീളുന്ന റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചാണ് യു ഡിഎഫ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.
മാണി സി കാപ്പൻ എംഎൽഎ സമരപരിപാടി ഉദ്ഘാടനം ചെയ്തു. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ വാഹനയാത്ര ദുഷ്കരമാണ്. ടാറിംഗിനായി ഫണ്ട് അനുവദിച്ച് പേപ്പർ വർക്കുകളെല്ലാം പൂർത്തിയായിട്ടും പൊതുമരാമത്ത് വകുപ്പ് സ്ഥാപിത താത്പര്യത്തോടെ പണികൾ വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം.
സംസ്ഥാന സർക്കാർ പാലായോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുകയാണെന്നും പാലായിലെ ചില രാഷ്ട്രീയ നേതാക്കൾ വികസനത്തിന് വിഘാതം സൃഷ്ടിക്കാൻ അതിന് കൂട്ടുനിൽക്കുകയാണെന്നും മാണി സി കാപ്പൻ എംഎൽഎ ആരോപിച്ചു.
പണികൾ ആരംഭിച്ച റോഡുകളിൽ ജോലി തടസ്സപെടുത്താൻ വിജിലൻസിനെ ഉപയോഗിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. നവംബർ 30നകം പാലായിലെ റോഡ് പദ്ധതികൾ പൂർത്തിയാക്കിയില്ലെങ്കിൽ സമരം ഈ രീതിലായിരിക്കില്ലെന്നും മാണി സി കാപ്പൻ എംഎൽഎ വ്യക്തമാക്കി.
അതിനിടെ, സമരം പ്രഖ്യാപിച്ചതിന് പിന്നാലെ റോഡില് താൽക്കാലികമായ കുഴിയടയ്ക്കൽ നടത്തിയിരുന്നു.






