കടനാട്: സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും മികച്ച രണ്ടാമത്തെ കുടിവെള്ള പദ്ധതിക്കുള്ള പുരസ്കാരം കടനാട് പഞ്ചായത്തിലെ കൈതയ്ക്കൽ പൂതക്കുഴി കുടിവെള്ള പദ്ധതിയ്ക്കു ലഭിച്ചു. തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന സാമൂഹ്യ കുടിവെള്ള സമിതികളുടെ സംസ്ഥാന തല സംഗമത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ രാജു, ജയ്സി സണ്ണി, ജയ്സൺ പുത്തൻകണ്ടം, ജോണി അഴകൻപറമ്പിൽ, ടോമി അരീപ്പറമ്പിൽ എന്നിവർ ചേർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
പഞ്ചായത്തിലെ ആറു വാർഡുകളിലായി 800-ഓളം കുടുംബങ്ങൾക്ക് 24 മണിക്കൂറും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. 2019 ൽ ആരംഭിച്ച ജലനിധി സുസ്ഥിര പദ്ധതിയിൽ പെടുത്തി പഞ്ചായത്തിലെ 23 കുടിവെള്ള പദ്ധതികൾക്കായി ഇന്നേവരെ 3.5 കോടിയോളം രൂപ മുടക്കിയെങ്കിൽ 65 ലക്ഷം രൂപയാണ് ഈ കുടിവെള്ള പദ്ധതിക്ക് ചിലവഴിച്ചത്.
കടനാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ജയസൺ പുത്തൻകണ്ടത്തിൻ്റെ നേതൃത്വത്തിലുള്ള മുൻ ഭരണ സമിതിയും ഉഷ രാജുവിൻ്റെ നേത്യത്വത്തിലുള്ള നിലവിലെ ഭരണ സമിതിയുടെയും കർമ്മനിരതരായ കമ്മറ്റിയംഗങ്ങളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ടാണ് നിലവിൽ ഈ സമിതിയ്ക്ക് ഇത്തരമൊരു പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചത് എന്ന് സമിതി പ്രസിഡൻ്റ് ജോണി അഴകൻ പറമ്പിൽ, സെക്രട്ടറി ടോമി അരീപ്പറമ്പിൽ എന്നിവർ പറഞ്ഞു.