തീക്കോയി : ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ടാറിങ് ജോലികൾ പൂർത്തിയാക്കിയതിനെ തുടർന്ന് റോഡിന്റെ ആരംഭകാലത്ത് നിർമാണ ഘട്ടത്തിൽ ജീവൻ പൊലിഞ്ഞ തൊഴിലാളികളുടെ ഓർമയ്ക്കായി തീക്കോയി സ്തംഭത്തിൽ പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിയിച്ചു സ്മരണാഞ്ജലികൾ അർപ്പിച്ചു. തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന എ ജെ ജോണിന്റെ കാലഘട്ടത്തിൽ ആരംഭിച്ച് 1961 ഡിസംബർ 23 ന് അന്നത്തെ പൊതുമരാമത്തു മന്ത്രി ആയിരുന്ന ഡി ദാമോദരൻ പോറ്റി ആണ് വാഗമൺ റോഡ് ഗതാഗതിനായി തുറന്ന് നൽകിയത്.
ആധുനിക യന്ത്ര സാമഗ്രികൾ ഒന്നും ഇല്ലാത്ത കാലഘട്ടത്തിൽ മനുഷ്യ പ്രയത്നം കൊണ്ട് മാത്രമാണ് മലമടക്കുകൾ നിറഞ്ഞ ഈ ഭാഗത്ത് റോഡ് നിർമിച്ചത്. നിർമാണ വേളയിൽ 17 ഓളം തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ഓർമയ്ക്കായിട്ടാണ് തീക്കോയിൽ 1961 ൽ സ്തംഭം നിർമിച്ചത്. ഈ സ്തംഭം കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്ത് ഏറ്റടുത്തു നവീകരിച്ചിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്കുള്ള പ്രധാന പാതയായ ഈരാറ്റുപേട്ട - പീരുമേട് സ്റ്റേറ്റ് ഹൈവേ 62 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ആധുനിക നിലവാരത്തിലുള്ള റോഡായി മാറ്റുവാൻ സാധിച്ചത്. ഈ സാഹചര്യത്തിലാണ് തീക്കോയി പീപ്പിൾസ് ലൈബ്രറി മരണപെട്ടവരുടെ ഓർമ്മക്കായി സ്മരണാഞ്ജലി സംഘടിപ്പിച്ചത്.
ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ദീപം തെളിയിച്ച് പരിപാടി ഉൽഘാടനം ചെയ്തു. എ ജെ ജോർജ് അറമത്ത്, ഡോ. എം എ ജോസഫ്, അഡ്വ. ജോർജ്കുട്ടി കടപ്ലാക്കൽ, ഹരി മണ്ണുമഠം, റെജൻ ആൻഡ്രൂസ്, പി മുരുകൻ, ജോയ്‌സ് സി ഊട്ടുകുളം, ജോസകുട്ടി കുറ്റിയാനിയിൽ, ബോബി തയ്യിൽ, ജോസ് പുല്ലാട്ട്, സോമി പോർക്കാട്ടിൽ, മാത്യു മുതുകാട്ടിൽ, ബേബി കാക്കാനിയിൽ, തുടങ്ങിയവർ പ്രസംഗിച്ചു.